പല്ലേകലെ: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് 162 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. നിരോഷന്‍ ഡിക്ക്‌വെല്ല (39), ആവിഷ്‌ക ഫെര്‍ണാണ്ടോ (37) എന്നിവരുടെ ഇന്നിങ്‌സാണ് ലങ്കന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ന്യൂസിലന്‍ഡിന് വേണ്ടി സേത് റാന്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളഉടെ പരമ്പരയിലെ ആദ്യ ടി20 കിവീസ് വിജയിച്ചിരുന്നു.

കുശാല്‍ മെന്‍ഡിസ് (26), കുശാല്‍ പെരേര (11), ദസുന്‍ ഷനക (0), വാനിഡു ഹസരന്‍ങ്ക (11), ഷെഹന്‍ ജയസൂര്യ (20),  ഇസുരു ഉഡാന (13) എന്നിവരാണ് പുറത്തായ മറ്റുലങ്കന്‍ താരങ്ങള്‍.  അകില ധനഞ്ജയ (0), ലസിത് മലിംഗ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഒരുഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 40 എന്ന നിലയിലായിരുന്നു ലങ്ക. എന്നാല്‍ ഫെര്‍ണാണ്ടോ- ഡിക്ക്‌വെല്ല കൂട്ടിച്ചേര്‍ത്ത 68 റണ്‍സ് ലങ്കക്ക് തുണയായി. 

നേരത്തെ ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. പരിക്കേറ്റ റോസ് ടെയ്‌ലര്‍ക്ക് പകരം ടോം ബ്രൂസ് ടീമിലെത്തി. ആദ്യ ടി20യില്‍ ബാറ്റിങ്ങിനിടെയാണ് ടെയ്‌ലര്‍ക്ക് പരിക്കേറ്റത്. ലങ്കന്‍ ടീമില്‍ കശുന്‍ രജിതയ്ക്ക് പകരം ലക്ഷന്‍ സന്ധാകനെ കളിപ്പിക്കുകയായിരുന്നു.