ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാടകീയ സമനിലയില്‍. സെഞ്ചുറികളുമായി നായകന്‍ കെയ്‌ന്‍ വില്യംസനും റോസ് ടെയ്‌ലറും നടത്തിയ ചെറുത്തുനില്‍പാണ് കിവികള്‍ക്ക് സമനില സമ്മാനിച്ചത്. സ്‌കോര്‍: ന്യൂസിലന്‍ഡ്- 375-10, 241-2, ഇംഗ്ലണ്ട്- 476-10. ആദ്യ ടെസ്റ്റ് ജയിച്ചിരുന്നതിനാല്‍ കിവീസ് 1-0ന് പരമ്പര സ്വന്തമാക്കി. ജോ റൂട്ട് കളിയിലെ താരവും നീല്‍ വാഗ്‌നര്‍ പരമ്പരയിലെ മികച്ച താരമായി. 

അവസാന ദിനം 96/2 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ കിവികള്‍ക്കായി വില്യംസനും- ടെയ്‌ലറും വന്‍മതില്‍ പണിയുകയായിരുന്നു. വില്യംസണ്‍ 234 പന്തില്‍ 104 റണ്‍സുമായും ടെയ്‌ലര്‍ 186 പന്തില്‍ 105 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ടോം ലാഥം(18), ജീത്ത് റാവല്‍(0) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ക്രിസ് വോക്‌സും സാം കറനുമാണ് വിക്കറ്റ് വീഴ്‌ത്തിയത്. 

ഇരട്ട സെഞ്ചുറി നേടിയ നായകന്‍ ജോ റൂട്ടിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിരുന്നു. റൂട്ട് 441 പന്തില്‍ 226 റണ്‍സെടുത്തു. ഓപ്പണര്‍ റോറി ബേണ്‍സിന്‍റെ സെഞ്ചുറിയും(101 റണ്‍സ്), വിക്കറ്റ് കീപ്പര്‍ ഒലി പോപിന്‍റെ പ്രതിരോധവും(202 പന്തില്‍ 75 റണ്‍സ്) ഇംഗ്ലണ്ടിന് നിര്‍ണായകമായി. കിവികള്‍ക്കായി നീല്‍ വാഗ്‌നര്‍ അഞ്ചും ടിം സൗത്തി രണ്ടും വിക്കറ്റ് സ്വന്തമാക്കി. 

നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് 375 റണ്‍സില്‍ പുറത്തായിരുന്നു. ടോം ലാഥം സെഞ്ചുറിയും(105 റണ്‍സ്), ഡാരില്‍ മിച്ചലും(73), ബിജെ വാട്‌ലിങ്ങും(53), റോസ് ടെയ്‌ലറും അര്‍ധ സെഞ്ചുറിയും നേടി. നാല് വിക്കറ്റുമായി സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് പേരെ പുറത്താക്കി ക്രിക് വോക്‌സുമാണ് കിവികള്‍ക്ക് തുടക്കത്തില്‍ ഭീഷണിയായത്.