ഓക്‌ലന്‍ഡ്: രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിനെ കുറഞ്ഞ സ്‌കോറില്‍ പിടിച്ചുകെട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍. ഈഡന്‍ പാര്‍ക്കില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 132 റണ്‍സാണ് നേടിയത്. മുപ്പത്തിമൂന്ന് റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്‌ടില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗില്‍ താരമായപ്പോള്‍ ഇന്ത്യക്കായി ജഡേജ രണ്ടും ബുമ്രയും ദുബെയും ഠാക്കൂറും ഓരോ വിക്കറ്റുകളും നേടി.

ബൗളിംഗ് കരുത്തില്‍ ഇന്ത്യ

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ന്യൂസിലന്‍ഡിന്‍റെ തുടക്കം മോശമായില്ല. മാര്‍ട്ടിന്‍ ഗപ്‌ടിലും കോളിന്‍ മണ്‍റോയും ഓപ്പണിംഗില്‍ ആറ് ഓവറില്‍ 48 റണ്‍സ് ചേര്‍ത്തു. ഗപ്‌ടില്‍ 20 പന്തില്‍ 33 ഉം മണ്‍റോ 25 പന്തില്‍ 26 ഉം റണ്‍സ് നേടി. പിന്നീട് വന്ന ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍മാരെ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.

നായകന്‍ കെയ്‌ന്‍ വില്യംസണ്‍ 14 ഉം കോളിന്‍ ഗ്രാന്‍‌ഹോം മൂന്നും റണ്‍സെടുത്ത് മടങ്ങിയതോടെ കിവികള്‍ 12.3 ഓവറില്‍ 81-4 എന്ന നിലയില്‍ പരുങ്ങലിലായി. ക്രീസിലൊന്നിച്ച റോസ് ടെയ്‌ലറെയും വിക്കറ്റ് കീപ്പര്‍ ടിം സീഫര്‍ട്ടിനെയും കുതിക്കാന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. കഴിഞ്ഞ മത്സരത്തിലെ നിഴല്‍ മാത്രമായിരുന്നു ഇക്കുറി ടെയ്‌ലര്‍. 24 പന്തില്‍ 18 റണ്‍സെടുത്ത ടെയ്‌ലര്‍ അവസാന ഓവറില്‍ പുറത്തായി. സീഫര്‍ട്ട് 26 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്‌പ്രീത് ബുമ്ര. 

ന്യൂസിലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗപ്‌ടില്‍, കോളിന്‍ മണ്‍റോ, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടിം സീഫര്‍ട്ട്(വിക്കറ്റ് കീപ്പര്‍), റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നര്‍, ഹാമിഷ് ബെന്നറ്റ്.

ആദ്യ ട്വന്‍റി 20യിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് 2-0ന് പരമ്പരയില്‍ മുന്നിലെത്താം. അഞ്ച് ടി20കളാണ് പരമ്പരയിലുള്ളത്. ഈഡന്‍ പാര്‍ക്കില്‍ അവസാനം നടന്ന ആറ് മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്യുന്നവരാണ് ജയിച്ചത്.