ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ആശ്വാസജയം തേടിയിറങ്ങിയ ടീം ഇന്ത്യക്ക് തുടക്കം തകര്‍ച്ചയോടെ. സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്‌ടമായി. ഓപ്പണര്‍ മായങ്ക് അഗര്‍വാളും നായകന്‍ വിരാട് കോലിയുമാണ് പുറത്തായത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ 35/2 എന്ന സ്‌കോറിലാണ് ഇന്ത്യ. പൃഥ്വി ഷായും ശ്രേയസ് അയ്യരുമാണ് ക്രീസില്‍. 

മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ കെയ്‌ല്‍ ജമൈസണ്‍ ബൗള്‍ഡാക്കി. കോലിയെ ഏഴാം ഓവറില്‍ ഹാമിഷ് ബെന്നറ്റിന്‍റെ പന്തില്‍ ജമൈസണ്‍ പിടിച്ചാണ് പുറത്താക്കിയത്. 12 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമാണ് കിംഗ് കോലിക്ക് നേടാനായത്. 

ബേ ഓവലില്‍ ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡെ പ്ലേയിംഗ് ഇലവനിലെത്തി. ന്യൂസിലന്‍ഡ് നിരയില്‍ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ തിരിച്ചെത്തി. ചാപ്‌മാനും ടോം ബ്ലെന്‍ഡലും പുറത്തിരിക്കുമ്പോള്‍ സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നറും മടങ്ങിയെത്തി. 

ഇന്ന് തോറ്റാല്‍ ഇന്ത്യ പരമ്പരയില്‍ വൈറ്റ്‌വാഷ് ചെയ്യപ്പെടും. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. മൂന്നോ അതിലധികമോ മത്സരങ്ങളുള്ള വിദേശ ഏകദിന പരമ്പരയില്‍ ഇന്ത്യ അവസാനമായി വൈറ്റ്‌വാഷ് ചെയ്യപ്പെട്ടത് മുപ്പതുവര്‍ഷം മുന്‍പാണ്. 1989ല്‍ അന്ന് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ 5-0ന് നാണംകെടുത്തി. ഏകദിനത്തില്‍ അതിന് മുന്‍പ് രണ്ട് തവണ ഇന്ത്യ വൈറ്റ്‌വാഷ് ചെയ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യ ഇലവന്‍: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, നവ്‌ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര