ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയതിന്  പിന്നാലെ ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി പിഴശിക്ഷ. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് മാച്ച് റഫറി ക്രിസ് ബ്രോഡ് ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി.

നാലാം  ടി20യിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 40 ശതമാനം പിഴ ശിക്ഷ വിധിച്ചിരുന്നു.നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വരെയാണ് പിഴ ചുമത്തുക.

ഇന്നലത്തെ മത്സരത്തില്‍ ഇന്ത്യ ഇന്ത്യ നിശ്ചിത സമയത്ത് ഒരു ഓവര്‍ കുറച്ചാണ് ബൗള്‍ ചെയ്തിരുന്നത്. വിരാട് കോലിക്ക് പകരം അഞ്ചാം ടി20യില്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ തെറ്റ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് പിഴശിക്ഷ വിധിച്ചത്.

അഞ്ച് മത്സര പരമ്പരയിലെ എല്ലാ മത്സരവും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. രണ്ട് സൂപ്പര്‍ ഓവര്‍ പോരാട്ടങ്ങളിലും ജയം നേടാന്‍ ഇന്ത്യക്കായി. അവസാന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.