ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയായി പിഴ ശിക്ഷയും. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മാച്ച് ഫീയുടെ 80 ശതമാനമാണ് പിഴ ശിക്ഷയായി മാച്ച് റഫറി ക്രിസ് ബ്രോഡ് വിധിച്ചത്. കോലി പിഴവ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് പിഴ വിധിച്ചത്.

ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഇന്ത്യന്‍ ടീമിന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ശിക്ഷ ലഭിക്കുന്നത്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ മാച്ച് ഫീയുടെ 40 ശതമാനവും അഞ്ചാം ഏകദിനത്തില്‍ മാച്ച് ഫീയുടെ 20 ശതമാനവും ഇന്ത്യക്ക് പിഴ ശിക്ഷ ലഭിച്ചിരുന്നു.

നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വരെയാണ് പിഴ ചുമത്തുക. ഇന്ന് എക്സ്ട്രാ ഇനത്തില്‍ മാത്രം 29 റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇതില്‍ 24ഉം വൈഡായിരുന്നു. ഒരു നോ ബോളും നാലു ലെഗ് ബൈയും ഇന്ത്യ വഴങ്ങി. ഇതോടെ നാലോവറോളം കിവീസീന് അധികമായി ലഭിക്കുകയും ചെയ്തു. ഇത് നിശ്ചിച സമയത്ത് മത്സരം പൂര്‍ത്തിയാക്കുന്നതില്‍ ഇന്ത്യക്ക് തടസമായി.