Asianet News MalayalamAsianet News Malayalam

ടി20യില്‍ 'ടെസ്റ്റ്' കളിച്ച് ബാബറും റിസ്‌വാനും, കിവീസിനെതിരായ അവസാന ടി20യില്‍ പാകിസ്ഥാന് ആശ്വാസ ജയം

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഹസീബുള്ള ഖാനെ പൂജ്യത്തിന് നഷ്ടമായ പാകിസ്ഥാനെ റിസ്‌വാനും ബാബറും ചേര്‍ന്നാണ് 50 കടത്തിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഇരുവരും ടെസ്റ്റ് ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ബാറ്റ് ചെയ്തത് ആരാധകരുടെ പരിഹാസത്തിന് കാരണമായി.

New Zealand vs Pakistan, 5th T20I Live Updates, Pakistan registers consolation win
Author
First Published Jan 21, 2024, 11:26 AM IST

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ പാകിസ്ഥാന് ആശ്വാസജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെ നേടിയുള്ളുവെങ്കിലും മറുപടി ബാറ്റിംഗില്‍ കിവീസിനെ 17.2 ഓവറില്‍ 92 റണ്‍സിന് പുറത്താക്കിയ പാകിസ്ഥാൻ 42 റണ്‍സിന്‍റെ ആശ്വാസ ജയം സ്വന്തമാക്കി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളും ജയിച്ച് നേരത്തെ ന്യൂസിലന്‍ഡ് ടി20 പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി 38 പന്തില്‍ 38 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് ടോപ് സ്കോററായത്. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 134-8, ന്യൂസിലന്‍ഡ് 17.2 ഓവറില്‍ 92ന് ഓള്‍ ഔട്ട്.

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഹസീബുള്ള ഖാനെ പൂജ്യത്തിന് നഷ്ടമായ പാകിസ്ഥാനെ റിസ്‌വാനും ബാബറും ചേര്‍ന്നാണ് 50 കടത്തിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഇരുവരും ടെസ്റ്റ് ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ബാറ്റ് ചെയ്തത് ആരാധകരുടെ പരിഹാസത്തിന് കാരണമായി. 13 റണ്‍സെടുക്കാന്‍ ബാബര്‍ നേരിട്ടത് 24 പന്തുകളായിരുന്നു. അടിച്ചത് ഒരേയൊരു ബൗണ്ടറിയും. ബാബര്‍ പുറത്തായശേഷമെത്തിയ ഫഖര്‍ സമന്‍ 16 പന്തില്‍ നാലു സിക്സും ഒരു ഫോറും പറത്തി 33 റണ്‍സടിച്ചതാണ് പാകിസ്ഥാന് രക്ഷയായത്. അവസാന ഓവറുകളില്‍ ഷിബ്സാദാ ഫര്‍ഹാന്‍(14 പന്തില്‍ 19), അബ്ബാസ് അഫ്രീദി(6 പന്തില്‍ 14*) എന്നിവരുടെ വെടിക്കെട്ട് പാക് സ്കോര്‍ 134ല്‍ എത്തിച്ചു.

ബിസിസിഐയുടെ പണപ്പെട്ടി നിറച്ച് വീണ്ടും ടാറ്റ; റെക്കോര്‍ഡ് തുകക്ക് ഐപിഎല്‍ ടൈറ്റിൽ അവകാശം നിലനിര്‍ത്തി

മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിനും അടിച്ചു തകര്‍ക്കാനായില്ല. ഫിന്‍ അലന്‍(19 പന്തില്‍ 22) റണ്‍സെടുത്തപ്പോള്‍ രണ്ടാം ഓവറില്‍ പുറത്തായ രചിന്‍ രവീന്ദ്ര(1) നിരാശപ്പെടുത്തി. ടിം സീഫര്‍ട്ട് 30 പന്തില്‍ 19 റണ്‍സെടുത്തപ്പോള്‍ വില്‍ യങ് 11 പന്തില്‍ 12 റണ്‍സെടുത്ത് പുറത്തായി. 22 പന്തില്‍ 26 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സ് കിവീസിന് പ്രതീക്ഷ നല്‍കിയെങ്കിലും സ്പിന്നര്‍മാരെ കൈയയച്ച് സഹായിച്ച പിച്ചില്‍ ഇഫ്തീഖര്‍ അഹമ്മദ് മൂന്ന് വിക്കറ്റു വീഴ്ത്തി പാകിസ്ഥാന്‍റെ രക്ഷക്കെത്തി. ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദിയും മുഹമ്മദ് നവാസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മാസം നീണ്ട ഓസ്ട്രേലി-ന്യൂസിലന്‍ഡ് പര്യടനങ്ങളില്‍ പാകിസ്ഥാന്‍റെ ആദ്യ ജയമാണിത്. നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാന്‍ 0-3ന് തോറ്റിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios