ടോം ലാഥമും ദേവോണ്‍ കോണ്‍വേയും നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ കിവികള്‍ക്കായില്ല

ക്രൈസ്റ്റ് ചർച്ച്: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ന്യൂസിലൻഡ് പൊരുതുന്നു. രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ 63 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 എന്ന നിലയിലാണ് ആതിഥേയര്‍. ഡാരില്‍ മിച്ചലും(89 പന്തില്‍ 40*), മൈക്കല്‍ ബ്രേസ്‍വെല്ലും(18 പന്തില്‍ 9*) പുറത്താവാതെ നില്‍ക്കുന്നു. ലങ്കന്‍ സ്കോറിനേക്കാള്‍ 193 റണ്‍സ് ഇപ്പോഴും പുറകിലാണ് കിവികള്‍. മികച്ച തുടക്കത്തിന് ശേഷം ന്യൂസിലൻഡിന് തുടരെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ടോം ലാഥം 67 റണ്‍സെടുത്തപ്പോള്‍ സൂപ്പർ താരം കെയ്ൻ വില്ല്യംസണ്‍ 1 റണ്‍സിന് പുറത്തായി.

ടോം ലാഥമും ദേവോണ്‍ കോണ്‍വേയും നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ കിവികള്‍ക്കായില്ല. ഇരുവരും ഒന്നാം വിക്കറ്റില്‍ 28.4 ഓവറില്‍ 67 റണ്‍സ് ചേർത്തു. 88 പന്തില്‍ 30 റണ്‍സെടുത്ത കോണ്‍വേയാണ് ആദ്യം പുറത്തായത്. ഒരറ്റത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 144 പന്തില്‍ 67 റണ്‍സെടുത്ത് നില്‍ക്കേ ടോം ലാഥം മടങ്ങി. കെയ്ന്‍ വില്യംസണും(11 പന്തില്‍ 1), ഹെന്‍റി നിക്കോള്‍സും(6 പന്തില്‍ 2), ടോം ബ്ലന്‍ഡലും(22 പന്തില്‍ 7) അതിവേഗം മടങ്ങിയത് ന്യൂസിലന്‍ഡിന് തിരിച്ചടിയായി. അസിത ഫെർണാണ്ടോയും ലഹിരു കുമാരയും രണ്ട് വീതവും കാസുന്‍ രജിത ഒന്നും വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 92.4 ഓവറില്‍ 355 റണ്‍സിന് അവസാനിച്ചു. 87 റണ്‍സെടുത്ത കുശാൽ മെൻഡിസാണ് ടോപ് സ്കോറര്‍. 50 റണ്‍സെടുത്ത നായകന്‍ ദിമുത് കരുണരത്നയും തിളങ്ങി. മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ് 47ലും ധനഞ്ജയ ഡിസില്‍വ 46ലും ദിനേശ് ചാന്ദിമല്‍ 39ലും പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റർ നിരോഷന്‍ ഡിക്ക്‍വെല്ലയ്ക്ക് ഏഴ് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ന്യൂസിലൻഡിനായി ക്യാപ്റ്റൻ ടിം സൗത്തി അഞ്ചും മാറ്റ് ഹെൻഡ്രി നാലും വിക്കറ്റ് വീഴ്ത്തി. 

അപൂർവങ്ങളില്‍ അപൂർവം; ടെസ്റ്റിലെ നമ്പർ 1 ബൗളർമാർ മറ്റൊരു നേട്ടത്തിലും ഒരേ കസേരയില്‍