വെല്ലിംഗ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ന്യൂസിലന്‍ഡ് തൂത്തുവാരി. വെല്ലിംഗ്ടണില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്നിങ്‌സിനും 12 റണ്‍സിനുമായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. സ്‌കോര്‍: ന്യൂസിലന്‍ഡ് 460, വിന്‍ഡീസ് 131 & 317. കെയ്ല്‍ ജാമിസണാണ് പരമ്പരയുടെ താരം. ഇതോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിടാനും ന്യൂസിലന്‍ഡിനായി. ഓസ്‌ട്രേലിയക്കൊപ്പം 116 റേറ്റിങ് പോയിന്റാണ് ന്യൂസിലന്‍ഡിനുള്ളത്.

ടെസ്റ്റിന്റെ അവസാന ദിനമായിരുന്ന ഇന്ന് 73 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിന്‍ഡീസിന് ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ജോണ്‍ ക്യാംപെല്‍ (68), ജേസണ്‍ ഹോള്‍ഡര്‍ (61), ജോഷ്വാ ഡിസില്‍വ (57) എന്നിവരാണ് വിന്‍ഡീസ് താരങ്ങളില്‍ തിളങ്ങിയത്. ട്രന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍ എന്നിവര്‍ ആതിഥേയര്‍ക്കായി മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ടിം സൗത്തി, കെയ്ല്‍ ജാമിസണ്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

ഒന്നാം ഇന്നിങ്‌സില്‍ ഹെന്റി നിക്കോള്‍സിന്റെ (174) സെഞ്ചുറിയാണ് കിവീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നീല്‍ വാഗ്നര്‍ (62) വില്‍ യംഗ് (43), ഡാരില്‍ മിച്ചല്‍ (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഷാനോന്‍ ഗബ്രിയേല്‍, അല്‍സാരി ജോസഫ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കെമര്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 131ന് പുറത്താവാകുയായിരുന്നു. 

അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ ടിം സൗത്തിയും ജാമിസണും കൂടിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (69) മാത്രമാണ് പിടിച്ചുനിന്നത്. എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല.