Asianet News MalayalamAsianet News Malayalam

റോസ് ടെയ്‌ലര്‍ വെടിക്കെട്ട്; ഹാമില്‍ട്ടണില്‍ ഇന്ത്യയെ വീഴ്‌ത്തി കിവീസ്

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് കിവികള്‍ക്ക് ഗംഭീര ജയം. റോസ് ടെയ്‌ലറുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് വിജയം സമ്മാനിച്ചത്. 

New Zealand win by 4 wkts vs India in 1st Odi on Ross Taylor Ton
Author
Hamilton, First Published Feb 5, 2020, 3:46 PM IST

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിലെ മികവ് ബൗളിംഗില്‍ ആവര്‍ത്തിക്കാനാകാതെ ഇന്ത്യക്ക് തോല്‍വി. ഹാമില്‍ട്ടണില്‍ റോസ് ടെയ്‌ലര്‍ വെടിക്കെട്ടില്‍ നാല് വിക്കറ്റിനാണ് കിവികളുടെ വിജയം. സ്‌കോര്‍-ഇന്ത്യ: 347-4 (50), ന്യൂസിലന്‍ഡ്: 348/6 (48.1). ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ടീമിന്‍റെ ശക്തമായ മടങ്ങിവരവാണ് ഹാമില്‍ട്ടണില്‍ കണ്ടത്. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി. 

നിക്കോള്‍സ് തുടങ്ങി, ടെയ്‌ലര്‍ പൂര്‍ത്തിയാക്കി

New Zealand win by 4 wkts vs India in 1st Odi on Ross Taylor Ton

ഇന്ത്യക്ക് അതേനായണത്തില്‍ മറുപടി നല്‍കിയാണ് കിവികള്‍ തുടങ്ങിയത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്‌ടില്‍ വ്യക്തിഗത സ്‌കോര്‍ 32ല്‍ പുറത്താകുമ്പോള്‍ 15.4 ഓവറില്‍ 85 റണ്‍സിലെത്തിയിരുന്നു ന്യൂസിലന്‍ഡ്. മൂന്നാമന്‍ ടോം ബ്ലെന്‍ഡല്‍ ഒന്‍പത് റണ്‍സില്‍ പുറത്തായി. എന്നാല്‍ റോസ് ടെയ്‌ലറെ കൂട്ടുപിടിച്ച് ഹെന്‍റി നിക്കോള്‍സ് ആതിഥേയരെ ശക്തമായ നിലയിലെത്തിച്ചു. ബുമ്ര എറിഞ്ഞ 29-ാം ഓവറില്‍ കോലിയുടെ പറക്കും ത്രോ കളിമാറ്റി. 82 പന്തില്‍ 78 റണ്‍സുണ്ടായിരുന്നു നിക്കോള്‍സ് പുറത്ത്. 

ഒപ്പം ചേര്‍ന്ന നായകന്‍ ടോം ലാഥമിനൊപ്പം ടെയ്‌ലര്‍ തകര്‍പ്പന്‍ കൂട്ടുകെട്ട് സ്ഥാപിക്കുന്നതാണ് പിന്നീട് കണ്ടത്. 38 പന്തില്‍ ലാഥമിന്‍റെ അര്‍ധ സെഞ്ചുറി. വ്യക്തിഗത സ്‌കോര്‍ 69ല്‍ നില്‍ക്കേ ലാഥമിനെ കുല്‍ദീപ് പറഞ്ഞയച്ചെങ്കിലും ഇന്ത്യക്ക് അത് പോരായിരുന്നു. 73 പന്തില്‍ ഇരുപത്തിയൊന്നാം സെഞ്ചുറി തികച്ച ടെയ്‌ലര്‍ മത്സരം ന്യൂസിലന്‍ഡിന്‍റേതാക്കി. ഷമിയുടെ 46-ാം ഓവറില്‍ നീഷാമും(9), ഗ്രാന്‍‌ഹോമും(1) പുറത്തായി. 84 പന്തില്‍ 109 റണ്‍സെടുത്ത റോസ് ടെയ്‌ലര്‍ക്കൊപ്പം മിച്ചല്‍ സാന്‍റ്‌നര്‍(12*) പുറത്താകാതെ നിന്നു. 

ശ്രേയസ്, രാഹുല്‍, കോലി; തല്ലോട് തല്ല് 

New Zealand win by 4 wkts vs India in 1st Odi on Ross Taylor Ton

ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെ ബാറ്റിംഗാണ് ഹാമില്‍ട്ടണില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍(347-4) സമ്മാനിച്ചത്. ശ്രേയസ് (107 പന്തില്‍ 103), രാഹുല്‍(64 പന്തില്‍ 88*), കോലി(63 പന്തില്‍ 51), എന്നിങ്ങനെയാണ് സ്‌കോര്‍. ശ്രേയസിന്‍റെ കന്നി ഏകദിന സെഞ്ചുറിയാണ് ഹാമില്‍ട്ടണില്‍ പിറന്നത്. രാഹുലിനൊപ്പം 15 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കേദാര്‍ ജാദവിന്‍റെ പ്രകടനവും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. 

ഏകദിന അരങ്ങേറ്റ കളിച്ച മായങ്ക് അഗര്‍വാളും പൃഥ്വി ഷായും ആദ്യ വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കരിയറിലെ ആദ്യ ഏകദിനത്തില്‍ 20 റണ്‍സായിരുന്നു ഷായുടെ സമ്പാദ്യം. മായങ്ക് അഗര്‍വാള്‍ 31 റണ്‍സിലും പുറത്തായി. വിരാട് കോലിയും ശ്രേയസ് അയ്യരും മൂന്നാം വിക്കറ്റില്‍ ചേര്‍ത്ത 102 റണ്‍സും ശ്രേയസും രാഹുലും ചേര്‍ത്ത 136 റണ്‍സും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. 10 ഓവര്‍ വീതമെറിഞ്ഞ സൗത്തിക്കെതിരെ 85 ഉം ബെന്നറ്റിനെതിരെ 77 ഉം റണ്‍സ് ഇന്ത്യ അടിച്ചുകൂട്ടി. 

Follow Us:
Download App:
  • android
  • ios