ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തിരഞ്ഞെടുത്തു. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍, സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. 

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. കോള്‍ മക്‌കോഞ്ഞിക്ക് പകരം പേസര്‍ ജേക്കബ് ഡഫി ടീമില്‍ തിരിച്ചെത്തി. ഇന്ത്യ സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ടോസ് നേടിയാല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുംറ.

ന്യൂസിലന്‍ഡ്: ടിം സെയ്ഫര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, റാച്ചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - കിവീസ് നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ജയം. മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ന്യൂസീലന്‍ഡിന് ജയം. 2007ല്‍ പത്ത് റണ്‍സിനും 2016ല്‍ 47 റണ്‍സിനും 2021ല്‍ എട്ട് വിക്കറ്റിനും ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചു. ട്വന്റി 20 ലോകകപ്പില്‍ കിവീസിനോട് ജയിക്കാനായിട്ടില്ലെന്ന ചരിത്രം കൂടി തിരുത്തിയെഴുതി വേണം ഇന്ത്യയ്ക്ക് അഹമ്മദാബാദില്‍ കപ്പുയര്‍ത്താന്‍.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏകതോല്‍വി അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആയിരുന്നു. ഇന്ത്യ സെമിയില്‍ ഏഴ് റണ്ണിന് ഇംഗ്ലണ്ടിനെ മറികടന്നു. ന്യൂസിലന്‍ഡ് ഒന്‍പത് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍, ആദ്യ ട്രോഫിയാണ് ന്യൂസിലന്‍ഡിന്റെ ലക്ഷ്യം.

YouTube video player