ഈ മാസവസാനം നെതര്‍ലന്‍ഡ്‌സിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലാണ് പുരാന്‍ നായകസ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുക. ക്യാപ്റ്റനാവുന്നത് അഭിമാനമാണെന്ന് പുരാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ആന്റിഗ്വെ: വെസ്റ്റ് ഇന്‍ഡീസിനെ (West Indies) നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിനെ നിക്കോളാസ് പുരാന്‍ (Nicholas Pooran) നയിക്കും. കീറണ്‍ പൊള്ളാര്‍ഡ് (Kieron Pollard) അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് പുരാനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. പൊള്ളാര്‍ഡ് ക്യാപ്റ്റനായിരുന്നപ്പോള്‍ ഉപനായകനായിരുന്നു പുരാന്‍. 

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ്, അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവയ്ക്കുള്ള വിന്‍ഡീസ് ടീമിനെ പുരാന്‍ നയിക്കും. നേരത്തെ, പൊള്ളാര്‍ഡിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നയിച്ചപ്പോള്‍ പരമ്പര നേടാനായിരുന്നു. 

ഈ മാസവസാനം നെതര്‍ലന്‍ഡ്‌സിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലാണ് പുരാന്‍ നായകസ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുക. ക്യാപ്റ്റനാവുന്നത് അഭിമാനമാണെന്ന് പുരാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ''വിന്‍ഡീസ് ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ പാത പിന്തുടരാന്‍ കഴിയുകയെന്നത് ഭാഗ്യമാണ്. മതിപ്പുണ്ടാക്കുന്ന സ്ഥാനമാണത്.'' പുരാന്‍ കൂട്ടിചേര്‍ത്തു.

ഷായ് ഹോപ്പാണ് വൈസ് ക്യാപ്റ്റന്‍. വിന്‍ഡീസിനായി 37 ഏകദിനങ്ങളും 57 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട് പുരാന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് പുരാന്‍.