അടുത്ത മാസത്തെ ടി20 ലോകകപ്പിന് ശേഷം രോഹിത്തിനെ നായകനാക്കുമെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരുന്നു

മുംബൈ: രോഹിത് ശർമ്മയെ വൈറ്റ് ബോള്‍ നായകനാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. അടുത്ത മാസത്തെ ടി20 ലോകകപ്പിന് ശേഷം രോഹിത്തിനെ ഇന്ത്യന്‍ നായകനാക്കുമെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ബിസിസിഐ ആലോചിച്ചിട്ടില്ലെന്നും വിരാട് കോലി എല്ലാ ഫോർമാറ്റിലും ഇന്ത്യയെ നയിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി. 

മാഞ്ചസ്റ്റര്‍ ടെസ്റ്റിനോടും പ്രതികരണം

മാത്രമല്ല, കൊവിഡ് പശ്ചാത്തലത്തിൽ മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചതിനാൽ നഷ്‌ടപരിഹാരമായി ഇന്ത്യ അടുത്ത ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിൽ രണ്ട് ട്വന്റി20 അധികം കളിക്കുമെന്നും ജയ് ഷാ പറഞ്ഞു. പരമ്പരയിൽ മൂന്ന് ട്വന്റി 20യാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന് പകരം ഇന്ത്യ അഞ്ച് ട്വന്റി20യിൽ കളിക്കുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് സമ്മതമെങ്കിൽ ഉപേക്ഷിച്ച ടെസ്റ്റ് അനുയോജ്യമായ സമയത്ത് വീണ്ടും നടത്തുമെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞു.

രോഹിത് ശര്‍മ്മ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുമെന്നുള്ള ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത ചര്‍ച്ചയായിരുന്നു. ടി20 ലോകകപ്പിന് ശേഷം വിരാട് കോലി സ്ഥാനമൊഴിയുമെന്നും രോഹിത് ക്യാപ്റ്റനാകുമെന്നുള്ളതായിരുന്നു വാര്‍ത്ത. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലിയുടെ ഈ നീക്കമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 

രോഹിത് വൈറ്റ് ബോള്‍ നായകനാകുമെന്ന വാര്‍ത്ത ഇന്നലെ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ നിഷേധിച്ചിരുന്നു. മാധ്യമങ്ങള്‍ പടച്ചുവിടുന്നത് അസംബന്ധമാണ്. ഇത്തരമൊരു കാര്യം ബിസിസിഐയുടെ ചര്‍ച്ചയിലെ വന്നിട്ടില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും കോലി ക്യാപ്റ്റനായി തുടരും എന്നും ധുമാല്‍ പറഞ്ഞു. 

കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷമാണ് വിരാട് കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന വാദം ശക്തമായത്. അന്ന് ഇന്ത്യ സെമിയില്‍ പുറത്തായിരുന്നു. മാത്രമല്ല, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള കിരീടങ്ങളും രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്നുള്ള വാദത്തിന് ശക്തി വര്‍ധിപ്പിച്ചിരുന്നു. 

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം; നയം വ്യക്തമാക്കി ബിസിസിഐ

കോലി ഒഴിയുന്നു; ടി20 ലോകകപ്പിന് ശേഷം രോഹിത് വൈറ്റ് ബോള്‍ നായകന്‍- റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona