സിഡ്നി: ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ബ്രിസ്‌ബേനില്‍ തന്നെ നടക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ക്വീൻസ്‍ലാൻഡിൽ ക്വാറന്‍റീന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീം മത്സരം ബഹിഷ്‌കരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇക്കാര്യത്തിൽ വ്യക്തത
വരുത്തിയത്.

നാലാം ടെസ്റ്റിന്‍റെ വേദി മാറ്റണമെന്ന് ബിസിസിഐ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. ബിസിസിഐ അധികൃതരുമായി എല്ലാ ദിവസവും ആശയവിനിമയം നടത്തുന്നുണ്ട്. ബ്രിസ്‌ബേനില്‍ ഇന്ത്യന്‍ ടീമിന് വേണ്ട കാര്യങ്ങളെന്തൊക്കെയാണെന്ന് ഈ ദിവസങ്ങളിലും ചർച്ച ചെയ്തിരുന്നു.

കളിക്കാർക്ക് ഹോട്ടൽ മുറിക്ക് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന തരത്തിലുള്ള വാർത്തകർ അടിസ്ഥാന രഹിതമാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ താൽക്കാലിക സി ഇ ഒ നിക്ക് ഹോക്ക്‌ലി പറഞ്ഞു. വ്യാഴാഴ്ചയാണ് മൂന്നാം ടെസ്റ്റ് സിഡ്നിയിൽ തുടങ്ങുക. 15നാണ് നാലാം ടെസ്റ്റ് തുടങ്ങുന്നത്.