ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫീല്‍ഡിംഗിന്റെ തലവര മാറ്റിയ താരമാണ് മുഹമ്മദ് കൈഫ്. അത്രത്തോളം പങ്ക് യുവരാജ് സിംഗിനുമുണ്ട്. ബാറ്റിങ്ങില്‍ ഫോമില്‍ അല്ലാതിരുന്നിട്ടും ഫീല്‍ഡിംഗ് മികച്ചതാണെന്നുള്ളത്‌കൊണ്ട് മാത്രം ചില മത്സരങ്ങളെങ്കിലും കൈഫ് കളിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ഫീല്‍ഡിങ്ങിന്റെ നിലവാരത്തെ കുറിച്ച് സംസാരിക്കുകയാണ് കൈഫ്. 

ഇന്ത്യന്‍ ടീമിലിപ്പോള്‍ കംപ്ലീറ്റ് ഫീല്‍ഡര്‍മാരില്ലെന്നാണ് കൈഫ് പറയുന്നത്. ''കംപ്ലീറ്റ് പാക്കേജെന്ന് പറയാവുന്ന ഒരു ഫീല്‍ഡറും ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലില്ല. ഞാനും യുവരാജും അത്തരത്തിലുള്ള ഫീല്‍ഡര്‍മാരായിരുന്നു. നിലവില്‍ രവീന്ദ്ര ജഡേജ ഈ ഗണത്തിലേക്ക് വരുന്നുണ്ട്. സമീപകാലത്തായി അദ്ദേഹം മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്നുണ്ട്.

കംപ്ലീറ്റ് പാക്കേജ് എന്ന് പറയണമെങ്കില്‍ ഒട്ടേറെ ഗുണങ്ങള്‍ ഒത്തുവരണം. മികച്ച രീതിയില്‍ ക്യാച്ചുകളെടുക്കണം, തുടര്‍ച്ചയായി ഡയറക്ട് ത്രോയിലൂടെ സ്റ്റംപ് വീഴ്ത്താന്‍ കഴിയണം, പരമാവധി വേഗത്തില്‍ ഓടാന്‍ സാധിക്കണം, വേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന പന്തിനെ കൈപ്പിയിടിലൊതുക്കാനുള്ള ശരിയായ സാങ്കേതികതികവും വേണം. 

സ്ലിപ് ഫീല്‍ഡിംഗ് ഇപ്പോഴും പോരായ്മയാണ്. ഷോര്‍ട്ട് ലെഗ്ഗിലും ഒരുപോലെ ക്യാച്ചെടുക്കുന്ന, ലോങ് ഓണ്‍ ബൗണ്ടറിയില്‍ ദീര്‍ഘദൂരം ഓടിനടന്ന് ഫീല്‍ഡ് ചെയ്യാന്‍ കഴിയുന്ന ഫീല്‍ഡറുടെ അഭാവം ഇന്ത്യന്‍ ടീമിനുണ്ട്.'' കൈഫ് പറഞ്ഞുനിര്‍ത്തി.