മൈതാനത്തിറങ്ങി വെറുതെ മത്സരങ്ങൾ ജയിക്കാം എന്ന് ആരും കരുതേണ്ട. അതിനായി കഠിനാധ്വാനം ചെയ്യണം.സാഹചര്യങ്ങളെയും എതിരാളികളെയും ഒരിക്കലും നിസ്സാരമായി കാണരുത്.
ബെൽഫാസ്റ്റ്: ഇന്ത്യൻ ക്രിക്കറ്റിലെ ശ്രേയസ് അയ്യർ യുഗത്തിന് നിരാശാജനമായ തുടക്കം. ആദ്യ ടി20 മത്സരത്തിൽ ലോകചാമ്പ്യന്മാരായ ഇന്ത്യയെ 34 റൺസിന് തകർത്ത് അയർലൻഡ് അവിശ്വസനീയ വിജയം സ്വന്തമാക്കിയതിന് പിന്നാലെ തോല്‍വിക്ക് ഒഴികഴിവുകൾ പറയാൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ മുതിര്‍ന്നില്ല. ടീമിന്‍റെ മോശം പ്രകടനത്തെ ശ്രേയസ് മത്സരശേഷം കടുത്ത ഭാഷയിൽ വിമർശിച്ചു.
ക്രിക്കറ്റിൽ ഒന്നും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. മൈതാനത്തിറങ്ങി വെറുതെ മത്സരങ്ങൾ ജയിക്കാം എന്ന് ആരും കരുതേണ്ട. അതിനായി കഠിനാധ്വാനം ചെയ്യണം. സാഹചര്യങ്ങളെയും എതിരാളികളെയും ഒരിക്കലും നിസ്സാരമായി കാണരുത്. കൃത്യമായി പ്ലാനുകൾ നടപ്പിലാക്കാൻ കഴിഞ്ഞാൽ മാത്രമേ വിജയിക്കാനാകൂവെന്നും ശ്രേയസ് വ്യക്തമാക്കി. നായകനായുള്ള ആദ്യ മത്സരത്തിൽ തന്നെ നാണംകെട്ട തോൽവി വഴങ്ങിയെങ്കിലും ഇതൊരു നല്ല പാഠമാണെന്നാണ് ശ്രേയസ് പറഞ്ഞു.
മത്സരത്തിന്‍റെ തുടക്കത്തിൽ നമ്മുടെ ബോളർമാർ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. എന്നാൽ മധ്യ ഓവറുകളിൽ പ്ലാനുകൾ നടപ്പിലാക്കുന്നതിൽ ഞങ്ങൾക്ക് പിഴച്ചു. ബൗണ്ടറികൾ ചെറുതായ വശങ്ങളിലേക്ക് അവർക്ക് അനായാസം സിക്സറുകൾ അടിക്കാൻ നമ്മൾ അവസരമൊരുക്കി. അവരെ 140 റൺസിൽ ഒതുക്കേണ്ടതായിരുന്നു. എങ്കിലും ഇത്തരം സാഹചര്യങ്ങളിൽ കളിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമാണ്. ക്യാപ്റ്റനെന്ന നിലയിൽ എനിക്കിത് മികച്ചൊരു തുടക്കമണ്, ഇതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അയ്യർ കൂട്ടിച്ചേർത്തു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ലൊർക്കൻ ടക്കറുടെ അർധസെഞ്ചുറിയുടെയും ഗാരെത് ഡെലാനിയുടെ (49) തകർപ്പൻ ഇന്നിംഗ്സിന്റെയും കരുത്തിൽ അയർലൻഡ് 182 റൺസെന്ന ശക്തമായ സ്കോർ പടുത്തുയർത്തി. ഇന്ത്യക്കായി ഹർഷിത് റാണ 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ രണ്ടാം ഓവറിൽ തന്നെ സഞ്ജു സാംസൺ പുറത്തായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. എന്നാൽ 19 പന്തിൽ ഫിഫ്റ്റിയടിച്ച അഭിഷേക് ശർമ്മ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും മറ്റു ബാറ്റർമാരിൽ നിന്ന് പിന്തുണ ലഭിച്ചില്ല. അഭിഷേക് പുറത്തായതോടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി അയർലൻഡ് മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഈ വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ അയർലൻഡ് 1-0 ന് മുന്നിലെത്തി.
