ആരാധകര്‍ക്ക് കനത്ത തിരിച്ചടി, ജിയോ ഹോട്സ്റ്റാര്‍ യാഥാര്‍ത്ഥ്യമായി, ഐപിഎല്‍ ഇനി സൗജന്യമായി കാണാനാവില്ല
ആരാധകര്‍ക്ക് ഏതാനും മിനിറ്റുകള്‍ മാത്രമായിരിക്കും ജിയോ സ്റ്റാറില്‍ ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി കാണാനാവുക.

മുംബൈ: റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18നും സ്റ്റാര്‍ ഇന്ത്യയും ചേര്‍ന്നുള്ള സംയുക്ത സംരഭമായ ജിയോ ഹോട്സ്റ്റാര്‍ യാഥാര്‍ത്ഥ്യമായി. ഇതോടെ സ്റ്റാറിന്‍റെ സ്ട്രീമിംഗ് പ്ലാറ്റ് ഫോമാ ഡിസ്നി+ ഹോട്സ്റ്റാറും ജിയോ സിനിമയും ചേര്‍ന്ന് പുതിയ ജിയോ ഹോട്സ്റ്റാറെന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമും നിലവില്‍ വന്നു. എന്നാല്‍ പുതിയ പേരില്‍ അവതരിക്കുന്നതിനൊപ്പം രാജ്യത്തെ ക്രിക്കറ്റ് അരാധകര്‍ക്ക് കനത്ത തിരിച്ചടിയായേക്കാവുന്ന പുതിയ തീരുമാനവും ജിയോ ഹോട്സ്റ്റാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുവരെ ജിയോ സിനിമയില്‍ സൗജന്യമായി കാണാമായിരുന്ന ഐപിഎല്‍ ജിയോ ഹോട്സ്റ്റാറില്‍ ഇനി സൗജന്യമായിരിക്കില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആരാധകര്‍ക്ക് ഏതാനും മിനിറ്റുകള്‍ മാത്രമായിരിക്കും ജിയോ സ്റ്റാറില്‍ ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി കാണാനാവുക. അതു കഴിഞ്ഞാല്‍ മൂന്ന് മാസത്തേക്ക് 149 രൂപയുടെ ഏറ്റവും കുറഞ്ഞ സബ്സ്ക്രിപ്ഷൻ എടുത്താല്‍ മാത്രമെ ഐപിഎല്‍ മത്സരങ്ങള്‍ ജിയോ ഹോട്സ്റ്റാറില്‍ തത്സമയം കാണാനാകു. പരസ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പ്ലാനാണിത്. പരസ്യങ്ങള്‍ ഒഴിവാക്കിയുള്ള കുറഞ്ഞ പ്ലാനിന് 499 രൂപ നല്‍കണം.
2023ലാണ് 23000 കോടിയലധികം രൂപക്ക് ജിയോ സിനിമ ഐപിഎല്ലിന്‍റെ സ്ട്രീമിംഗ് അവകാശം അഞ്ച് വര്‍ഷത്തേക്ക് സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായിട്ടായിരുന്നു ബിസിസിഐ സ്ട്രീമിംഗ് അവകാശം ടെലിവിഷന്‍ സംപ്രേഷണ അവകാശത്തെ മറികടക്കുന്നത്. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ജിയോ സിനിമയിലൂടെ ആരാധകര്‍ക്ക് സൗജന്യമായി കാണാന്‍ അവസരമൊരുക്കിയതോടെ ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്സിലേതിനെക്കാൾ കാഴ്ചക്കാരെ സ്വന്തമാക്കാനും ജിയോ സിനിമക്കായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം മുകേഷ് അംബാനിയുടെ ഉടമസ്ഥതതയിലുള്ള റിലയന്‍സ് വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമങ്ങളെ ഏറ്റെടുക്കാനുള്ള 8.5 ബില്യണ്‍ ഡോളറിന്‍റെ കരാറിലൊപ്പിട്ടതോടെയാണ് ഹോട് സ്റ്റാറും ജിയോ സിനിമയും ലയിച്ച് ജിയോ സ്റ്റാറായത്.
ഐപിഎൽ പതിനെട്ടാം സീസണ് മാർച്ച് 22ന് കൊൽക്കത്തയിലാണ് തുടക്കമാകുന്നത്. മെയ് 25ന് കൊല്‍ക്കത്ത തന്നെയാണ് കിരീടപ്പോരാട്ടത്തിനും വേദിയാവുന്നത്. ഐപിഎല്ലിന്‍റെ പൂര്‍ണ മത്സരക്രമം ബിസിസിഐ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.
🚨 PLANS LAUNCHED FOR HOTSTAR. 🚨
— Mufaddal Vohra (@mufaddal_vohra) February 14, 2025
- JioHostar has launched the new plans which start from 149rs for 3 months. pic.twitter.com/LozrHe8nyL
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
