ലണ്ടന്‍: കൊറോണ വൈറസ് ഭീതി ക്രിക്കറ്റ് ഗ്രൗണ്ടിലേക്കും പടരുന്നു. കൊറോണ ഭീതിയുള്ളതിനാല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ലങ്കന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യില്ലെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് വ്യക്തമാക്കി. ഹസ്തദാനം ചെയ്യുന്നതിന് പകരമായി കളിക്കാരുടെ മുഷ്ടികള്‍ തമ്മില്‍ കൂട്ടിമുട്ടിക്കുമെന്നും റൂട്ട് പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ അജ്ഞാത രോഗം ബാധിച്ച് ഇംഗ്ലണ്ട് താരങ്ങള്‍ വലഞ്ഞിരുന്നു. പല കളിക്കാര്‍ക്കും കടുത്ത പനിയും വയറിന് അസുഖവും ബാധിച്ച് കിടപ്പിലാവുകയും ചെയ്തു. ഒരു മത്സരത്തില്‍ പകരം ഇറക്കാന്‍ പോലും കളിക്കാരെ ലഭിക്കാത്ത സാഹചര്യവുമുണ്ടായി. ഈ സംഭവത്തിനുശേഷം രോഗാണുക്കള്‍ പടരാനുള്ള സാധ്യത കുറക്കാനായി മറ്റ് കളിക്കാരുമായി ശാരീരികമായി അടുത്തിടപഴകുന്നത് കുറയ്ക്കാന്‍ മെഡിക്കല്‍ സംഘം ഇംഗ്ലണ്ട് താരങ്ങളോട് നിര്‍ദേശിച്ചിരുന്നു.

മത്സരങ്ങള്‍ക്കിടയ്ക്ക് തുടര്‍ച്ചയായി കൈകള്‍ കഴുകുകയും ആന്റി ബാക്ടീരിയ നാപ്കിനുകള്‍ കൊണ്ട് കൈകള്‍ വൃത്തിയാക്കുകയും ചെയ്യും. കൊറോണ ഭീതി പരമ്പരയെ ബാധിക്കുമെന്ന് നിലവില്‍ ആശങ്കയില്ല. എങ്കിലും അധികൃതരുമായി ബന്ധപ്പെട്ട് നിരന്തരം സ്ഥിതിഗതികള്‍ നിരീക്ഷിക്കുമെന്നും റൂട്ട് പറഞ്ഞു.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് രണ്ട് ടെസ്റ്റുകളാണ് ലങ്കയില്‍ കളിക്കുക. രണ്ട് വര്‍ഷം മുമ്പ് ലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 3-0ന് തൂത്തുവാരിയിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും ലങ്കയില്‍ കനത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നുവെന്നും റൂട്ട് പറഞ്ഞു.