നിലവിലെ മത്സരക്രമം അനുസരിച്ച് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നടക്കണമെങ്കിൽ കേവലം രണ്ട് സാധ്യതകൾ മാത്രമാണുള്ളത്.
ടോക്കിയോ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരക്രമം പുറത്തുവിട്ടു. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പുരുഷ-വനിതാ വിഭാഗങ്ങളിൽ ശക്തമായ നിരയുമായാണ് കളത്തിലിറങ്ങുന്നത്. വനിതകളുടെ മത്സരങ്ങൾ സെപ്റ്റംബർ 17-നും പുരുഷന്മാരുടേത് സെപ്റ്റംബർ 24-നും ആരംഭിക്കും.
നിലവിലെ മത്സരക്രമം അനുസരിച്ച് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നടക്കണമെങ്കിൽ കേവലം രണ്ട് സാധ്യതകൾ മാത്രമാണുള്ളത്. ഇരുടീമുകളും ക്വാർട്ടർ ഫൈനലും സെമിഫൈനലും കടന്ന് ഫൈനലിൽ എത്തിയാൽ സ്വർണമെഡൽ പോരാട്ടത്തിൽ പരസ്പരം ഏറ്റുമുട്ടാം. അല്ലാത്തപക്ഷം, സെമിഫൈനലിൽ പരാജയപ്പെടുന്ന പക്ഷം വെങ്കല മെഡലിനായുള്ള പ്ലേ-ഓഫ് പോരാട്ടത്തിൽ ഇരുവരും മുഖാമുഖം വരും.
ടൂർണമെന്‍റിന്‍റെ നോക്കൗട്ട് ഘടന അനുസരിച്ച് ഗ്രൂപ്പ് ഘട്ടങ്ങളിലോ ക്വാർട്ടറിലോ സെമിയിലോ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരില്ല. അതിനാൽ തന്നെ ഏതെങ്കിലും മെഡൽ മത്സരത്തിൽ മാത്രമേ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം സാധ്യമാകൂ. പുരുഷ വിഭാഗത്തിൽ മുൻനിര റാങ്കിംഗ് അടിസ്ഥാനമാക്കി ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. യുവതാരം വൈഭവ് സൂര്യവംശി അടക്കം ഉൾപ്പെടുന്ന 15 അംഗ കരുത്തുറ്റ ഇന്ത്യൻ പുരുഷ ടീമിനെ ശ്രേയസ് അയ്യരാണ് നയിക്കുന്നത്. തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ.
മറുവശത്ത്, ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ടീം ക്വാർട്ടർ ഫൈനലിൽ ജപ്പാനെയാകും നേരിടുക. ജപ്പാനെ തോൽപ്പിച്ചാൽ ബംഗ്ലാദേശോ ചൈനയോ ആകും സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. പാകിസ്ഥാൻ വനിതാ ടീം ക്വാർട്ടറിൽ തായ്‌ലൻഡിനെ നേരിടും.
