ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ താരങ്ങള്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വരുമെന്ന് ബംഗ്ലാദേശിന്റെ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ അബുല്‍ ബാഷര്‍ മുഹമ്മദ് ഖുര്‍ഷിദ് ആലം വ്യക്തമാക്കി.

ധാക്ക: ഐപിഎല്‍ കളിച്ച ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്‌മാനും തിരിച്ചടി. ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ താരങ്ങള്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വരുമെന്ന് ബംഗ്ലാദേശിന്റെ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ അബുല്‍ ബാഷര്‍ മുഹമ്മദ് ഖുര്‍ഷിദ് ആലം വ്യക്തമാക്കി. ഇതോടെ ഈ മാസം 23 ന് ശ്രീലങ്കക്കെതിരെ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നൊരുക്കം നടത്താനുള്ള സമയം പോലും ഇരുവര്‍ക്കും ലഭിക്കാത്ത അവസ്ഥ വരും.

ഷാക്കിബ് കൊല്‍ക്കത്ത നൈറ്റ് റൈഡേവ്‌സിന്റെയും മുസ്തഫിസുര്‍ രാജസ്ഥാന്‍ റോയല്‍സിന്റേയും താരമായിരുന്നു. കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ കളിക്കേണ്ടതിനാല്‍ ഇരുവര്‍ക്കും ക്വാറന്റൈനില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്, ഖുര്‍ഷിദ് ആലമിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹം രേഖാമൂലം അറിയിക്കുകയായിരുന്നു. 

ഷാക്കിബിന് അത്ര മികച്ച പ്രകടനമൊന്നും പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. നാല് മത്സരങ്ങള്‍ക്ക് ശേഷം താരത്തിന് അവസരം നല്‍കിയിരുന്നില്ല. സുനില്‍ നരെയ്‌നാണ് പിന്നീടുള്ള മത്സരങ്ങള്‍ കളിച്ചത്. ഇടങ്കയ്യന്‍ പേസറായ ഫിസ് മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.