ഐപിഎൽ സീസൺ അവസാനിച്ചതിന് പിന്നാലെ രവിചന്ദ്രൻ അശ്വിൻ തൻ്റെ ടൂർണമെൻ്റിലെ മികച്ച ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണെ ഒഴിവാക്കിയ ടീമിൽ വൈഭവ് സൂര്യവംശിയെയും ശുഭ്മാൻ ഗില്ലിനെയുമാണ് ഓപ്പണർമാരായി തിരഞ്ഞെടുത്തത്, വിരാട് കോലിയെ മൂന്നാം സ്ഥാനത്ത് ഉൾപ്പെടുത്തി.

ചെന്നൈ: ഐപിഎല്‍ സീസണ്‍ അവസാനിച്ചതിന് പിന്നാലെ ടൂര്‍ണമെന്റിലെ ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്‍. ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടമുയര്‍ത്തിയതിന് പിന്നാലെയാണ് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ടീമിനെ പ്രഖ്യാപിച്ചത്. ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം വൈഭവ് സൂര്യവംശിയെയാണ് അശ്വിന്‍ തന്റെ ടീമിലെ പ്രധാന ഓപ്പണറായി തിരഞ്ഞെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് സൂര്യവംശിയുടെ പങ്കാളി. എന്നാല്‍ ആര്‍സിബിയില്‍ ഓപ്പണറായി തിളങ്ങിയ വിരാട് കോലിയെ അശ്വിന്‍ മൂന്നാം സ്ഥാനത്താണ് ഉള്‍പ്പെടുത്തിയത്. സീസണില്‍ 56.25 ശരാശരിയില്‍ 675 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. നാലാം സ്ഥാനത്ത് 624 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനെ അശ്വിന്‍ തിരഞ്ഞെടുത്തു. അഞ്ചും ആറും സ്ഥാനങ്ങളില്‍ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിദാറും നിതീഷ് റെഡ്ഡിയുമാണ്. 192.69 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 500 റണ്‍സാണ് പാട്ടിദാര്‍ നേടിയത്. നിതീഷ് റെഡ്ഡി 300 റണ്‍സും എട്ട് വിക്കറ്റും സ്വന്തമാക്കി. ഏഴാമനായി ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയും ടീമിലിടം നേടി.

ബൗളിംഗില്‍ വിദേശ താരങ്ങളായ ജാമി ഓവര്‍ട്ടണ്‍, സുനില്‍ നരെയ്ന്‍, കാഗിസോ റബാഡ എന്നിവര്‍ക്കൊപ്പം സീസണില്‍ 28 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ ഭുവനേശ്വര്‍ കുമാറിനെയും അശ്വിന്‍ ഉള്‍പ്പെടുത്തി. ജോഫ്ര ആര്‍ച്ചറാണ് ടീമിലെ ഇംപാക്ട് പ്ലെയര്‍.

കിരീട ജേതാക്കളായ ആര്‍സിബിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ച് വ്യക്തികളെ അശ്വിന്‍ പ്രത്യേകം അഭിനന്ദിച്ചു. ''ആര്‍സിബിക്ക് വേണമെങ്കില്‍ തുടര്‍ച്ചയായ മൂന്ന് കിരീടങ്ങള്‍ വരെ നേടാനുള്ള കരുത്തുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിന് അവരുടെ പ്രകടനത്തില്‍ അഭിമാനിക്കാം. എന്നാല്‍ ആര്‍സിബിയുടെ ഈ വിജയത്തിന് പിന്നില്‍ അഞ്ച് പേര്‍ക്ക് ഞാന്‍ ക്രെഡിറ്റ് നല്‍കുന്നു. ആന്‍ഡി ഫ്‌ലവര്‍, മോ ബോബറ്റ്, ദിനേശ് കാര്‍ത്തികും പിന്നെ രജത് പാട്ടിദാര്‍, വിരാട് കോലി എന്നിവരാണവര്‍.'' അശ്വിന്‍ പറഞ്ഞു.

സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അശ്വിന്റെ ഈ ഇലവന്‍ ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.

YouTube video player