വോട്ട് രേഖപ്പെടുത്തണെന്ന് ആഹ്വാനം ചെയ്യുന്ന ദ്രാവിഡിന്‍റെ ബോര്‍ഡുകള്‍ പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്

ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡിന് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. വോട്ടര്‍ പട്ടികയില്‍ നിന്ന് താരത്തിന്‍റെ പേര് നീക്കിയത് മൂലമാണ് ദ്രാവിഡിന് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. 2018 നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം തന്‍റെ മണ്ഡലമായ ഇന്ദിരാ നഗറില്‍ നിന്ന് വീട് മാറിയിരുന്നു.

എന്നാല്‍, ഇപ്പോള്‍ താമസിക്കുന്ന മണ്ഡലത്തില്‍ പേര് ചേര്‍ക്കാത്തത് മൂലമാണ് വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. ദ്രാവിഡിന്‍റെ സഹോദരന് വോട്ടര്‍ പട്ടികയില്‍ പേര് നീക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും പുതിയ മണ്ഡലത്തില്‍ പേര് ചേര്‍ക്കാനുള്ള ഫോം ദ്രാവിഡ് പൂരിപ്പിച്ച് നല്‍കിയില്ല.

പേര് നീക്കാനുള്ള അപേക്ഷ ലഭിച്ചെങ്കിലും താരം തന്നെ സമര്‍പ്പിച്ചാല്‍ മാത്രമേ പുതിയ മണ്ഡ‍ലത്തില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് വട്ടം ദ്രാവിഡിന്‍റെ വീട്ടില്‍ ചെന്നെങ്കിലും അപ്പോഴവിടെ ആരുമില്ലായിരുന്നുവെന്നും അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ രൂപ പറഞ്ഞു.

ഇപ്പോള്‍ സ്പെയിനിലാണെങ്കിലും വോട്ട് ചെയ്യാന്‍ എത്താനായിരുന്നു താരം തീരുമാനിച്ചിരുന്നത്. എന്നാല്‍, ശാന്തിനഗര്‍ മണ്ഡലത്തില്‍ പേര് വോട്ടര്‍ പട്ടികയിലില്ലാത്തതിനാല്‍ ദ്രാവിഡിന് വോട്ട് ചെയ്യാനാവില്ല. എന്നാല്‍, വോട്ട് രേഖപ്പെടുത്തണെന്ന് ആഹ്വാനം ചെയ്യുന്ന ദ്രാവിഡിന്‍റെ ബോര്‍ഡുകള്‍ പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.