നിനക്ക് വോട്ട് ചെയ്യാനായിട്ടില്ല, ഒരു കാറോ മോപ്പെഡോ ഓടിക്കാനുള്ള പ്രായമായിട്ടില്ല. സൈക്കിളിൽ പോയാൽ പോലും അച്ഛൻ കൂടെ വരണം. എന്നിട്ടും ബുംറയെ നീ സിക്സർ അടിക്കുന്നു.

ഗുവാഹത്തി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ, കൗമാര താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. മുംബൈ ഇന്ത്യൻസിന്‍റെ ലോകോത്തര പേസർ ജസ്പ്രീത് ബുംറയെ ഭയമില്ലാതെ നേരിട്ട വൈഭവിന്‍റെ പ്രകടനം തന്നെ അമ്പരപ്പിച്ചുവെന്ന് അശ്വിൻ പറഞ്ഞു.

ചൊവ്വാഴ്ച ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ മുംബൈയെ 27 റൺസിനാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്. ഇതോടെ ടൂർണമെന്‍റിൽ തോൽവി അറിയാതെ രാജസ്ഥാൻ കുതിപ്പ് തുടരുകയാണ്. എനിക്ക് വൈഭവിനോട് ഒരൊറ്റ ചോദ്യമേയുള്ളൂ. നിനക്ക് പന്തെറിഞ്ഞ ആ ബൗളറുടെ പേര് ജസ്പ്രീത് ബുംറ എന്നാണ്. ലോകമെമ്പാടും ഇന്ത്യയെ ജയിപ്പിച്ച ബൗളർ. അവൻ റണ്ണപ്പ് തുടങ്ങുമ്പോള്‍ പലര്‍ക്കും മുട്ടിടിക്കും. എന്നിട്ടാണ് ഈ പയ്യൻ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തുന്നത്- അശ്വിൻ പറഞ്ഞു.

നിനക്ക് വോട്ട് ചെയ്യാനായിട്ടില്ല, ഒരു കാറോ മോപ്പെഡോ ഓടിക്കാനുള്ള പ്രായമായിട്ടില്ല. സൈക്കിളിൽ പോയാൽ പോലും അച്ഛൻ കൂടെ വരണം. എന്നിട്ടും ബുംറയെ നീ സിക്സർ അടിക്കുന്നു, അത് അദ്ദേഹത്തിന്‍റെ സ്ലോവർ ബോളിൽ ആവർത്തിക്കുകയും ചെയ്യുന്നു. വൈഭവിന്‍റെ പേരും നമ്പറും എഴുതിയ ജേഴ്സിയണിഞ്ഞ് ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകുന്ന കാലം വിദൂരമല്ല. സഞ്ജു സാംസണ് വേണ്ടി ഞാൻ ആഗ്രഹിച്ചതുപോലെ തന്നെ വൈഭവിനും എല്ലാ ഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

മഴയെത്തുടർന്ന് 11 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് (32 പന്തിൽ പുറത്താവാതെ 77) രാജസ്ഥാനെ 150/3 എന്ന വമ്പൻ സ്കോറിലെത്തിച്ചത്. വൈഭവ് സൂര്യവംശി 14 പന്തിൽ 39 റൺസ് അടിച്ചുകൂട്ടി. ഇതിൽ ബുംറക്കെതിരെ നേടിയ രണ്ട് സിക്സ് ഉള്‍പ്പെടെ അഞ്ച് സിക്സറുകളും ഉൾപ്പെടുന്നു. റിയാൻ പരാഗ് (20), ഷിമ്രോൺ ഹെറ്റ്‌മെയർ (6*) എന്നിവരും സ്കോറിലേക്ക് സംഭാവന നൽകി.

151 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. റയാൻ റിക്കിൾട്ടൺ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് എന്നിവർ വേഗത്തിൽ പുറത്തായി. നമൻ ധീറും (25) ഷെർഫാൻ റുഥർഫോർഡും (25) പൊരുതി നോക്കിയെങ്കിലും രാജസ്ഥാൻ ബൗളർമാർ കളി കൈപ്പിടിയിലൊതുക്കി.

ബൗളിംഗ് പ്രകടനം: രാജസ്ഥാനായി നാൻഡ്രെ ബർഗർ, ജോഫ്ര ആർച്ചർ, സന്ദീപ് ശർമ്മ എന്നിവർ മികച്ച രീതിയിൽ പന്തെറിഞ്ഞു. മുംബൈയുടെ പോരാട്ടം 11 ഓവറിൽ 123/9 എന്ന നിലയിൽ അവസാനിച്ചു. ജയത്തോടെ പോയിന്‍റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ യശസ്വി ജയ്‌സ്വാൾ ഡൽഹി ക്യാപിറ്റൽസിന്റെ സമീർ റിസ്‌വിയെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക