തീര്‍ച്ചയായും നിരാശയുണ്ട്. കാരണം, ടീമില്‍ നിന്ന് പുറത്താക്കിയത് എന്തിനാണെന്ന് എനിക്കിപ്പോഴും അറിയില്ല. അത് മാത്രമാണ് എന്നെ അലട്ടുന്നത്. ടീമില്‍ നിന്നൊഴിവാക്കിയശേഷം ആരും എന്നെ വിളിക്കുകയോ എന്തുകൊണ്ട് ഒഴിവാക്കി എന്ന് എന്നോട് വിശദീകരിക്കുകയോ ചെയ്തിട്ടില്ല.
ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ചേതേശ്വര്‍ പൂജാര ഒഴിവാക്കപ്പെട്ടതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീം തലമുറ മാറ്റത്തിന്‍റെ പാതയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സ്ഥാനങ്ങളും അത്ര സുരക്ഷിതമല്ല. യശസ്വി ജയ്‌സ്വാളിനെയും റുതുരാജ് ഗെയ്ക്‌വാദിനെയും പോലുള്ള യുവതാരങ്ങള്‍ക്ക് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ അവസരം നല്‍കിയപ്പോഴും സര്‍ഫ്രാസ് ഖാനെപ്പോലെ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ താരങ്ങളെ തഴയുന്നതിനെതിരെയും വിമര്‍ശനവും ഉയരുന്നുണ്ട്.
ഇതിനിടെ രണ്ട് വര്‍ഷം മുമ്പ് ഇന്ത്യന്‍ മധ്യനിരയില്‍ തിളങ്ങിയൊരു യുവതാരമുണ്ട്. ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനെ നയിക്കുന്ന ആന്ധ്ര താരം 29കാരനായ ഹനുമാ വിഹാരി. പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ വിഹാരിയെ പിന്നീട് ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. ടെസ്റ്റ് ബാറ്ററെന്ന നിലയില്‍ മാത്രമാണ് വിഹാരിയെ ടീമിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് തുറന്നു പറയുകയാണ് വിഹാരി.
തീര്‍ച്ചയായും നിരാശയുണ്ട്. കാരണം, ടീമില്‍ നിന്ന് പുറത്താക്കിയത് എന്തിനാണെന്ന് എനിക്കിപ്പോഴും അറിയില്ല. അത് മാത്രമാണ് എന്നെ അലട്ടുന്നത്. ടീമില്‍ നിന്നൊഴിവാക്കിയശേഷം ആരും എന്നെ വിളിക്കുകയോ എന്തുകൊണ്ട് ഒഴിവാക്കി എന്ന് എന്നോട് വിശദീകരിക്കുകയോ ചെയ്തിട്ടില്ല. എന്‍റെ ഏറ്റവം മികച്ച പ്രകടനം പുറത്തെടുക്കാനാണ് എല്ലായ്പ്പോഴും ശ്രമിച്ചിട്ടുള്ളത്. ഒരുപക്ഷെ അവര്‍ക്ക് അത് പോരായിരിക്കും. ടെസ്റ്റില്‍ ഞാന്‍ വളരെ പതുക്കെ സ്കോര്‍ ചെയ്യുന്ന കളിക്കാരനാണെന്നത് തെറ്റിദ്ധാരണയാണ്. ടെസ്റ്റ് ക്രിക്കറ്റ് പലരീതിയില്‍ കളിക്കാം. ഒരു രീതിയിലെ കളിക്കാവു എന്നില്ല.ഓരോരുത്തര്‍ക്കും ഓരോ രീതിയുണ്ട്.
ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ആവര്‍ത്തിച്ച് ബിസിസിഐ
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായെങ്കിലും തിരിച്ചെത്താമെന്ന പ്രതീക്ഷയുണ്ട്. അജിങ്ക്യാ രഹാനെയുടെ തിരിച്ചുവരവ് ആത്മവിശ്വാസം നല്‍കുന്നതാണെന്നും വിഹാരി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആന്ധ്ര താരമായ വിഹാരി വരുന്ന ആഭ്യന്തര സീസണില്‍ മധ്യപ്രദേശിലേക്ക് മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
