2008 മുതല്‍ കളിച്ച 16 സീസണുകളിലും കോലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി മാത്രമെ കളിച്ചിട്ടുള്ളു. അപ്പോള്‍ ചെന്നൈയുടെ തലയായ ധോണിയോ എന്ന് ചോദിക്കുന്നവരുണ്ടാകും.
മുംബൈ: ഐപിഎല്ലില്‍ ചില ടീമുകളെ ചില താരങ്ങളുമായി മാത്രമേ ചേര്‍ത്തു വായിക്കാനാവുകയുള്ളു. ചെന്നൈയുടെ എല്ലാമെല്ലാം ആയ എം എസ് ധോണിയും മുംബൈയുടെ ഹൃദയത്തുടിപ്പായ രോഹിത്തുമെല്ലാം അങ്ങനെയാണ്. എന്നാല്‍ ഐപിഎല്ലില്‍ കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇതുവരെ ടീം മാറാത്ത ഒരേയൊരു താരമെ ചരിത്രത്തിലുള്ളു. അത് മറ്റാരുമല്ല റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ വിരാട് കോലിയാണ്. 2008ലെ ആദ്യ ഐപിഎല്ലില്‍ ആര്‍സിബി കുപ്പായമിട്ട കോലി പിന്നീടൊരിക്കലും അത് അഴിച്ചുവെച്ചിട്ടില്ല.
2008 മുതല്‍ കളിച്ച 16 സീസണുകളിലും കോലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി മാത്രമെ കളിച്ചിട്ടുള്ളു. അപ്പോള്‍ ചെന്നൈയുടെ തലയായ ധോണിയോ എന്ന് ചോദിക്കുന്നവരുണ്ടാകും. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഐപിഎല്ലില്‍ നിന്ന് രണ്ട് വര്‍ഷത്തേത്ത് വിലക്കിയപ്പോള്‍ ധോണി ചെന്നൈയുടെ മഞ്ഞക്കുപ്പായം ഊരാന്‍ നിര്‍ബന്ധിതനായി. ആ രണ്ട് സീസണുകളിലേക്ക് മാത്രമായി ബിസിസിഐ പുതുതായി രണ്ട് ടീമുകളെ ഉള്‍പ്പെടുത്തിയപ്പോള്‍ ധോണി കളിച്ചത് റൈസിങ് പൂനെ സൂപ്പര്‍ ജയന്‍റ്സിന്‍റെ വയലറ്റ് കുപ്പായത്തിലായിരുന്നു. അതും ഓസ്ട്രേലിയന്‍ മുന്‍ നായകനായ സ്റ്റീവ് സ്മിത്തിന് കീഴില്‍.
മുംബൈക്ക് അഞ്ച് തവണ ഐപിഎല്‍ കിരീടം സമ്മാനിച്ചിട്ടുള്ള രോഹിത് ശര്‍മയാകട്ടെ മുംബൈ ഇന്ത്യന്‍സിനായാല്ല ആദ്യ മൂന്ന് സീസണുകളിലും കളിച്ചത്. ഡെക്കാന്‍ ചാര്‍ജേഴ്സിന്(ഇപ്പോഴത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദ്) വേണ്ടിയായിരുന്നു രോഹിത് ആദ്യ മൂന്ന് സീസണുകളില്‍ കളിച്ചത്. 2011ലെ ഐപിഎല്‍ മെഗാ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സിലെത്തിയശേഷമാണ് രോഹിത് ഇന്നത്തെ ഹിറ്റ്മാനായത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരു ക്ലബ്ബിനുവേണ്ടി മാത്രം കളിച്ചിട്ടുള്ള താരവും വിരാട് കോലിയാണ്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടു നിന്ന കോലി ഐപിഎല്ലില്‍ ഇത്തവണ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
