ക്യാപ്റ്റനെന്ന നിലയില്‍ ഡ്രസ്സിംഗ് റൂമില്‍ മറ്റ് കളിക്കാരുടെ ബഹുമാനം നേടാന്‍ സൂര്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും പരസ് മാംബ്രെ പറഞ്ഞു.

മുംബൈ: ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുക്കാന്‍ കാരണം രാഹുല്‍ ദ്രാവിഡെന്ന് ഇന്ത്യൻ ടീമിന്‍റെ മുന്‍ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ. 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെ രോഹിത്തും കോലിയും ബുമ്രയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ വിശ്രമം എടുക്കുകയും ഹാര്‍ദ്ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്താകുകയും ചെയ്തതോടെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാറിനെ ക്യാപ്റ്റനാക്കാനുള്ള നിര്‍ദേശം വച്ചത് ദ്രാവിഡ് ആയിരുന്നുവെന്നും പരസ് മാംബ്രെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയെ നയിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര ക്രിക്കറ്റിലോ ഐപിഎല്ലിലോ നായകനാവാത്ത സൂര്യകുമാറിന്‍റെ ക്യാപ്റ്റന്‍സി മികവിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചപ്പോഴാണ് ദ്രാവിഡ് തന്‍റെ അഭിപ്രായം പറഞ്ഞത്. അത് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. പിന്നീട് ദക്ഷിണാഫ്രിക്കയിലും ടി20 പരമ്പരയില്‍ സൂര്യകുമാര്‍ ഇന്ത്യയെ നയിച്ചു.

ഹാർദ്ദിക്കിനെ മാറ്റാൻ കാരണം ഫിറ്റ്നെസല്ല, അത് തുറന്നു പറയാൻ അഗാർക്കർ ധൈര്യം കാട്ടണമെന്ന് മുൻ ചീഫ് സെലക്ടർ

ക്യാപ്റ്റനെന്ന നിലയില്‍ ഡ്രസ്സിംഗ് റൂമില്‍ മറ്റ് കളിക്കാരുടെ ബഹുമാനം നേടാന്‍ സൂര്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും പരസ് മാംബ്രെ പറഞ്ഞു. യുവതാരങ്ങളോട് അടക്കം വളരെ സൗഹാര്‍ദ്ദത്തോടെ പെരുമാറുകയും അവര്‍ക്ക് എപ്പോഴും സമീപിക്കാവുന്നതുമായ കളിക്കാരനാണ് സൂര്യകുമാര്‍. അവരുടെ ബഹുമാനം നേടാനും സൂര്യക്ക് കഴിഞ്ഞിട്ടുണ്ട്. യുവതാരങ്ങള്‍ പലപ്പോഴും സൂര്യയുമായി സംസാരിക്കാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കാറുണ്ട്. വരുന്ന നാലോ ആഞ്ചോ വര്‍ഷം ടി20 ക്രിക്കറ്റില്‍ തുടരാൻ സൂര്യക്കാവും. അതുകൊണ്ടുതന്നെ സൂര്യയെ ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തത് ശരിയായ തീരുമാനമായിരുന്നുവെന്നും പരസ് മാംബ്രെ പറഞ്ഞു.

നിലവില്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാര്‍ സൂര്യയും ദക്ഷിണാഫ്രിക്കയുടെ ഹെന്‍റിച്ച് ക്ലാസനുമാണെന്നും മാംബ്രെ വ്യക്തമാക്കി. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന് കോച്ച് എന്ന് നിലയില്‍ മികവ് കാട്ടാന്‍ സമയം നല്‍കണമെന്നും പരസ് മാംബ്രെ പറഞ്ഞു. രാഹുല്‍ ദ്രാവിഡിന്‍റെ പരിശീലക സംഘത്തില്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായിരുന്നു മാംബ്രെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക