മുംബൈ: മോശം ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് ഉപദേശവുമായി പരിശീലകന്‍ രവി ശാസ്ത്രി. ഒരു ദിവസം കൊണ്ട് എല്ലാകാര്യങ്ങളും ആര്‍ക്കും പഠിക്കാന്‍ പറ്റില്ലെന്നും തെറ്റുകളില്‍ നിന്നാണ് പലതും പഠിക്കുന്നതെന്നും ശാസ്ത്രി, ഋഷഭ് പന്തിനോട് പറഞ്ഞു. ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവും. ഒരു ദിവസം കൊണ്ട് ആര്‍ക്കും സൂപ്പര്‍ സ്റ്റാറാവാനാവില്ലെന്നും താന്‍ ഋഷഭ് പന്തിനെ ഉപദേശിച്ചതായി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി വ്യക്തമാക്കി.

കമന്റേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചത് പരിശീലകനെന്ന നിലില്‍ തനിക്ക് പലതരത്തിലും ഗുണം ചെയ്തിട്ടുണ്ടെന്നും ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ അധികം മത്സരങ്ങളൊന്നും ഞാന്‍ കാണാതിരുന്നിട്ടില്ല. 1980കളില്‍ മുംബൈക്കായി കളിക്കാന്‍ തുടങ്ങിയതുമുതല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്നെയാണ് എന്റെ ജീവിതം. വിരമിച്ചശേഷം കമന്റേറ്റര്‍ എന്നനിലയില്‍ വിവിധ രാജ്യങ്ങളിലെ മത്സരങ്ങള്‍ കണ്ടിട്ടുണ്ട്. ഇതെല്ലാം പരിശീലന തന്ത്രങ്ങള്‍ ഒരുക്കുന്നതിലും ടീം കോമ്പിനേഷന്‍ സെറ്റ് ചെയ്യുന്നതിലും കളിക്കാരെ മനസിലാക്കുന്നതിലും തനിക്കേറെ  ഗുണം ചെയ്തിട്ടുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരെയും ബംഗ്ലാദേശിനെതിരെയും നിറം മങ്ങിയ ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ശാസ്ത്രിയുടെ വിശദീകരണം. ടെസ്റ്റില്‍ ഋഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹയെ ആണ് ഇന്ത്യ ഇപ്പോള്‍ കളിപ്പിക്കുന്നത്.