ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ട് ഏറ്റവും ഭയക്കുന്നത് ജസ്പ്രീത് ബുമ്രയെയല്ല, കുല്‍ദീപ് യാദവിനെയാണെന്ന് ഇംഗ്ലണ്ട് മുൻ താരം നിക്ക് നൈറ്റ്. 

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് വെള്ളിയാഴ്ച ലീഡ്സില്‍ തുടക്കമാകാനിരിക്കെ പേസര്‍ ജസ്പ്രീത് ബുമ്ര ഏതൊക്കെ ടെസ്റ്റുകളിലാവും ഇന്ത്യക്കായി ഇറങ്ങുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ജോലിഭാരം കണക്കിലെടുത്ത് അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമാകും കളിക്കുക എന്ന് ബുമ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് ഏറ്റവും അധികം ഭയക്കുന്ന ബൗളര്‍ ജസ്പ്രീത് ബുമ്രയല്ലെന്ന് തുറന്നു പറയുകയാണ് ഇംഗ്ലണ്ട് മുൻ താരം നിക്ക് നൈറ്റ്. അത് ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണെന്ന് നിക്ക് നൈറ്റ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ തവണ ഇന്ത്യ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ അവരുടെ ബൗളിംഗ് യൂണിറ്റ് അസാമാന്യമായിരുന്നു. ഇത്തവണയും അവരുടെ ബാറ്റിംഗിനെക്കാളുപരി ബൗളിംഗാവും പരമ്പര ആരുനേടുമെന്ന് തീരുമാനിക്കുക എന്നാണ് ഞാന്‍ കരുതുന്നത്. എങ്ങനെയാവും അവര്‍ ഇംഗ്ലണ്ടിന്‍റെ 20 വിക്കറ്റുകള്‍ വീഴ്ത്തുക എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്. അതിനവര്‍ ചെയ്യേണ്ടത് പരമാവധി മത്സരങ്ങളില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കുക എന്നതാണ്. കാരണം, ഇംഗ്ലണ്ട് നേരിടാന്‍ ആഗ്രഹിക്കാത്ത ബൗളറാണ് കുല്‍ദീപ് യാദവ്. 

നിലവിലെ സാഹചര്യത്തില്‍ ജസ്പ്രീത് ബുമ്രയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍. എങ്കിലും ബുമ്രക്കെതിരെ ആക്രമണോത്സുക ബാറ്റിംഗ് കാഴ്ചവെക്കാനാവും ഇംഗ്ലണ്ട് ശ്രമിക്കുക. അതവരുടെ സ്വാഭാവിക ശൈലിയുമാണ്. അതേസമയം, മധ്യ ഓവറുകളില്‍ കുല്‍ദീപ് യാദവിനെതിരെ ആക്രമിച്ചു കളിക്കുക എന്നത് അവര്‍ക്ക് അത്ര എളുപ്പമാകില്ലെന്നും നിക്ക് നൈറ്റ് പറഞ്ഞു.

കുല്‍ദീപിന് പുറമെ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ സ്പിന്നര്‍മാര്‍. കുല്‍ദീപ് മാത്രമാണ് ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നര്‍. ജഡേജയും സുന്ദറും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായാണ് കളിക്കുന്നത്. ബാറ്റിംഗിന് ആഴം കൂട്ടുക എന്നത് കൂടി കണക്കിലെടുത്ത് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ രവീന്ദ്ര ജഡേജക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയാല്‍ കുല്‍ദീപ് യാദവ് പുറത്താകുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക