ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഇംഗ്ലണ്ട് പര്യടനത്തിലെ എല്ലാ ടെസ്റ്റിലും കളിക്കാനാകില്ലെന്ന് ജസ്പ്രീത് ബുമ്ര. ഇക്കാരണത്താൽ ബിസിസിഐ വാഗ്ദാനം ചെയ്ത ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം നിരസിച്ചുവെന്നും ബുമ്ര.
ലണ്ടൻ: ഇംഗ്ലണ്ട് പര്യടനത്തിലെ എല്ലാം ടെസ്റ്റിലും കളിക്കില്ലെന്ന് വ്യക്തമാക്കി പേസര്‍ ജസ്പ്രീത് ബുമ്ര. ഇക്കാരണത്താൽ ബിസിസിഐ വാഗ്ദാനം ചെയ്ത ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം നിരസിച്ചതെന്നും ബുമ്ര പറഞ്ഞു. ക്യാപ്റ്റൻ രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ ബിസിസിഐ പകരക്കാരനായി തെരഞ്ഞെടുത്തത് യുവതാരം ശുഭ്മൻ ഗില്ലിനെ ആയിരുന്നു. ഇതോടെ സീനിയർ താരമായ ജസ്പ്രീത് ബുമ്രയായിരുന്നു നായകനാവേണ്ടിയിരുന്നതെന്ന് വാദം ഉയർന്നിരുന്നു.
ഇതിനിടെയാണ് എന്താണ് അണിയറയിൽ സംഭവിച്ചതെന്ന് ജസ്പ്രീത് ബുമ്ര തന്നെ വ്യക്തമാക്കിയത്. ആരോഗ്യപരമായ കാണങ്ങളാൽ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരത്തിൽ മാത്രമേ താന്‍ കളിക്കൂവെന്ന് ബുമ്ര സ്കൈ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇതാണ് ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്ന് വെയ്ക്കാൻ കാരണമെന്നും ബുമ്ര പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തശേഷം ജോലി ഭാരത്തിന്‍റെ പേരില്‍ ചില മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ടീമിനോട് ചെയ്യുന്ന നീതികേടാവുമെന്ന് തോന്നി. അതല്ലാതെ പുറത്ത് പ്രചരിക്കുന്ന കഥകളില്‍ യാഥാര്‍ത്ഥ്യമില്ല.
എന്നെ അവഗണിച്ചുവെന്നോ എന്നെ പുറത്താക്കിയെന്നോ എന്നൊന്നും അതിന് അര്‍ത്ഥമില്ല. രോഹിത് ശര്‍മയും വിരാട് കോലിയും ഐപിഎല്ലിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഞാന്‍ ബിസിസിഐയുമായി സംസാരിച്ചിരുന്നു. എന്‍റെ ഡോക്ടറുമായും ഞാന്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് അഞ്ച് മത്സര പരമ്പരയിലെ എല്ലാ ടെസ്റ്റുകളും കളിക്കാനാവില്ലെന്നും അതുകൊണ്ട് തന്നെ എന്നെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും ഞാന്‍ ബിസിസിഐയെ അറിയിച്ചത്. കാരണം, രോഹിത്തിന്‍റെ പിന്‍ഗാമിയായി എന്നെയാണ് ബിസിസിഐ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു.അതുകൊണ്ടാണ് ക്യാപ്റ്റനാവാനില്ലെന്ന് ബിസിസിഐയെ അറിയിച്ചത്. അഞ്ച് മത്സര പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ ഞാനും രണ്ട് മത്സരങ്ങളില്‍ മറ്റൊരു താരവും ക്യാപ്റ്റനാവുന്നത് ശരിയല്ലെന്ന് തോന്നിയെന്നും ബുമ്ര പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ കളിച്ച പതിനാല് ടെസ്റ്റിൽ ജസ്പ്രീത് ബുമ്ര 60 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഇതിൽ 46 വിക്കറ്റും എറിഞ്ഞിട്ടത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ 11 മത്സരങ്ങളിലായിരുന്നു. ഈ പരമ്പരയിൽ 13 വിക്കറ്റ് കൂടിവീഴ്ത്തിയാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് ബുമ്രയ്ക്ക് സ്വന്തമാക്കാം. ഒൻപത് ടെസ്റ്റിൽ 58 വിക്കറ്റ് നേടിയ ആർ അശ്വിനാണ് നിലവില്‍ ഇന്ത്യക്കാരിൽ ഒന്നാമൻ.

