ഇതിഹാസ താരം സുനില്‍ ഗാവസ‌്‌കര്‍ പറയുന്നത് മറ്റൊരു നായകനാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ ക്യാപ്റ്റന്‍ കൂള്‍ എന്നാണ്
മുംബൈ: ഇതിഹാസ നായകന്‍ എം എസ് ധോണിക്ക് ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണമുണ്ട്. സമ്മര്‍ദമേതുമില്ലാതെ ടീമിനെ നയിക്കുന്നതും ഐസിസിയുടെ മൂന്ന് കിരീടങ്ങള്‍ സമ്മാനിച്ചതുമെല്ലാമാണ് ഇതിന് കാരണം. കൂടാതെ, ഐപിഎല്ലില്‍ ക്യാപ്റ്റനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ചതും ധോണിക്കുള്ള ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണത്തിന് അടിവരയിടുന്നു. എന്നാല്‍ ഇതിഹാസ താരം സുനില്‍ ഗാവസ‌്‌കര്‍ പറയുന്നത് മറ്റൊരു നായകനാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ ക്യാപ്റ്റന്‍ കൂള്‍ എന്നാണ്.
1983 ലോകകപ്പ് കിരീടം ടീം ഇന്ത്യക്ക് സമ്മാനിച്ച നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്‍റെ പേരാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. 'പന്തും ബാറ്റും കൊണ്ടുള്ള കപിലിന്‍റെ പ്രകടനം അവിസ്‌മരണീയമായിരുന്നു. ഫൈനലില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്‍റെ ക്യാച്ചെടുത്തത് മറക്കാനാവില്ല. കപിലിന്‍റെ ക്യാപ്റ്റന്‍സി ആവേശകരമാണ്. ഫോര്‍മാറ്റ് ആവശ്യപ്പെടുന്നതിന് അനുസരിച്ച് ടീമിനെ നയിക്കും. ഒരു താരം ക്യാച്ച് വിട്ടാലോ ഫീല്‍ഡില്‍ പിഴവ് വരുത്തിയാലോ കപില്‍ ദേവ് ഇളകുകയില്ല. അതിനാല്‍ കപിലിനെ യഥാര്‍ഥ ക്യാപ്റ്റന്‍ കൂള്‍ എന്ന് വിശേഷിപ്പിക്കാം. ലോകകപ്പ് കിരീടം നേടിയ ശേഷമുള്ള നിമിഷങ്ങള്‍ വാക്കാല്‍ വിവരിക്കാനാവില്ല. എല്ലാവരും ചിരിക്കുകയും അഹ്‌ളാദിക്കുകയുമായിരുന്നു. ഹൃദയം കീഴടക്കുന്ന കാഴ്‌ചയായിരുന്നു അത്' എന്നും സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
1983 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്നലെ നാൽപതാണ്ട് തികഞ്ഞിരുന്നു. കരുത്തരായ വെസ്റ്റ് ഇൻഡീസിനെ തോൽപിച്ചായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്‍റെ തലവര മാറ്റിയ കിരീടധാരണം. പ്രാഥമിക റൗണ്ടിൽ ആറ് കളിയിൽ നാല് ജയത്തോടെ സെമിയിലേക്ക് മുന്നേറിയ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഫൈനലിലെത്തിയത്. കലാശപ്പോരില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റൺസിന് പുറത്തായപ്പോള്‍ ക്രിക്കറ്റ് ലോകം കപിലിന്‍റെയും കൂട്ടരുടേയും തോല്‍വി ഉറപ്പിച്ചാണ്. 33 റൺസെടുത്ത റിച്ചാർഡ്സ് കപിലിന്‍റെ അനശ്വര ക്യാച്ചിൽ മടങ്ങി. കരീബിയന്‍ വീര്യത്തെ മുട്ടുകുത്തിച്ച് കപിലിന്‍റെ ചെകുത്താൻമാർ 43 റൺസ് വിജയവും കിരീടവും സ്വന്തമാക്കി. 26 റൺസും മൂന്ന് വിക്കറ്റും നേടിയ വൈസ് ക്യാപ്റ്റൻ മൊഹീന്ദർ അമർനാഥ് മാൻ ഓഫ് ദി മാച്ചായപ്പോള്‍ മദൻലാലും ബൽവീന്ദർ സന്ധുവും റോജർ ബിന്നിയും കപില്‍ ദേവും ഫൈനലില്‍ തിളങ്ങി.
Read more: കപിലിന്‍റെ ചെകുത്താന്‍മാരുടെ വിശ്വവിജയത്തിന് 40

