യുവ്‍രാജ് സിംഗിനൊപ്പം കൈഫ് നടത്തിയ വീരോചിത രക്ഷാപ്രവർത്തനം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ മഹനീയ നിമിഷങ്ങളിലൊന്നാണ്

മുംബൈ: മുഹമ്മദ് കൈഫ് (Mohammad Kaif) എന്ന ഇന്ത്യന്‍ ബാറ്ററെ കുറിച്ച് ഓർക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകർക്കും പണ്ഡിതർക്കും ആദ്യം ഓർമ്മ വരുന്ന പ്രകടനം 2002 നാറ്റ്‍വെസ്റ്റ് ട്രോഫി ഫൈനലാണ് (2002 Natwest Trophy final). യുവ്‍രാജ് സിംഗിനൊപ്പം (Yuvraj Singh) കൈഫ് നടത്തിയ വീരോചിത രക്ഷാപ്രവർത്തനം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ മഹനീയ നിമിഷങ്ങളിലൊന്നാണ്. എന്നാല്‍ നാറ്റ്‍വെസ്റ്റ് ഫൈനലിലെ ബാറ്റിംഗല്ല തന്‍റെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സ് എന്ന് കൈഫ് പറയുന്നു. 

'നിങ്ങള്‍ എപ്പോഴും നാറ്റ്‍വെസ്റ്റ് ഫൈനലിലെ എന്‍റെ ബാറ്റിംഗിനെ കുറിച്ച് സംസാരിക്കും. അതൊരു പ്രശസ്തമായ ഇന്നിംഗ്സാണെങ്കിലും എന്‍റെ ഏറ്റവും ഫേവറൈറ്റല്ല. 2004ല്‍ പാകിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനമാണ് എന്‍റെ ഏറ്റവും പ്രിയപ്പെട്ടത്. നാല് വിക്കറ്റ് നഷ്ടമായ ടീമിനായി രാഹുല്‍ ദ്രാവിഡിനൊപ്പം 132 റണ്‍സിന്‍റെ കൂട്ടുകെട്ട് അന്ന് പടുത്തുയർത്താനായി' എന്നും കൈഫ് സ്പോർട്‍സ്കീഡയോട് പറഞ്ഞു. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 290 റണ്‍സ് പിന്തുടരവെ 94/4, 162/4 എന്ന നിലയിലായിരുന്ന ടീമിനായി ദ്രാവിഡ്-കൈഫ് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുകയായിരുന്നു. കൈഫ് പുറത്താകാതെ 71* ഉം ദ്രാവിഡ് 76* ഉം റണ്‍സെടുത്തു. 

മറക്കാനാവാത്ത നാറ്റ്‍വെസ്റ്റ് ഫൈനല്‍

2002 ജൂലൈ 13നായിരുന്നു നാറ്റ്‍വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സിന്‍റെ തിരുമുറ്റത്ത് ഇന്ത്യയുടെ കിരീടധാരണം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരവസരത്തില്‍ 146/5 എന്ന നിലയിലായിരുന്നു. എന്നാല്‍ ക്രീസില്‍ ഒന്നിച്ച യുവിയും കൈഫും ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 121 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ച ശേഷം യുവി 69 റണ്‍സില്‍ പുറത്തായെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് കൈഫ് കപ്പ് ഇന്ത്യയുടേതാക്കി. രണ്ട് വിക്കറ്റും മൂന്ന് പന്തും ബാക്കിനില്‍ക്കേ അവസാന ഓവറില്‍ ടീം വിജയിച്ചു. ഇന്ത്യ വിജയിക്കുമ്പോള്‍ 87* റണ്‍സുമായി കൈഫ് പുറത്താവാതെ നില്‍പുണ്ടായിരുന്നു. ടീം ഇന്ത്യക്കായി മൂന്ന് സെഞ്ചുറികളും 20 അർധ ശതകങ്ങളും നേടിയെങ്കിലും കൈഫിന്‍റെ ഏറ്റവും മികച്ച പ്രകടനമായി എല്ലാവരും ചൂണ്ടാക്കാണിക്കുന്നത് നാറ്റ്‍വൈസ്റ്റ് ഫൈനലിലേതാണ്. 

'ഇന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് മധുരഓര്‍മ്മ'; നാറ്റ്‌വെസ്റ്റ് കിരീടധാരണത്തെ കുറിച്ച് കൈഫ്