Asianet News MalayalamAsianet News Malayalam

സഞ്ജുവിന് മാത്രമല്ല, റിയാന്‍ പരാഗിനും നിരാശ; സെലക്ടര്‍മാര്‍ പരിഗണിച്ചത് ഐപിഎല്‍ പ്രകടനം മാത്രം

പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയിലും പരാഗിനെ ഉപയോഗിക്കാന്‍ അവസരമുണ്ടായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി തിളങ്ങിയ ലെഗ് സ്പിന്നര്‍ സുയാഷ് ശര്‍മക്കോ റണ്‍വേട്ടയില്‍ രണ്ടാമത് എത്തിയ പഞ്ചാബിന്‍റെ അഭിഷേക് ശര്‍മക്കോ അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയാറായില്ല.

Not Only Sanju Samson Riyan Parag too disappointed for Indian team Snub
Author
First Published Nov 21, 2023, 8:41 AM IST

മുംബൈ: ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഓസ്ട്രേലിയക്കെതിരെ മറ്റന്നാള്‍ തുടങ്ങുന്ന ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെലക്ടര്‍മാര്‍ പരിഗണിച്ചത് ഐപിഎല്ലിലെ പ്രകടനം മാത്രമെന്ന് സൂചന. ഐപിഎല്ലിലും ഏഷ്യന്‍ ഗെയിംസിലും തിളങ്ങിയ യുവതാരങ്ങളെല്ലാം ടീമിലെത്തിയപ്പോള്‍ ആഭ്യന്തര ടി20 ടൂര്‍ണമെന്‍റായ മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനങ്ങള്‍ സെലക്ടര്‍മാര്‍ പരിഗണിച്ചതേയില്ലെന്നാണ് വിമര്‍ശനം.

മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായി ആറ് അര്‍ധസെഞ്ചുറികളുമായി 510 റണ്‍സടിച്ച് റെക്കോര്‍ഡിട്ട രാജസ്ഥാന്‍ റോയല്‍സന്‍റെ അസം താരം റിയാന്‍ പരാഗിനെയോ 19 വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ഹൈദരാബാദ് ബൗളര്‍ രവി തേജയെയോ സെലക്ടര്‍മാര്‍ ഓസ്ട്രേലിയക്കെതിരായ ടി20 ടീമിലേക്ക് പരിഗണിക്കാത്തത് ആരാധകരെ അത്ഭുതപ്പെടുത്തി. മുഷ്താഖ് അലി ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയതുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്ന് പറയാമെങ്കിലും പരാഗ് ഉറപ്പായും ടീമിലേക്ക് പരിഗണിക്കാവുന്ന താരമായിരുന്നു.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവിനെ തഴഞ്ഞു, സൂര്യകുമാര്‍ നായകന്‍

പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയിലും പരാഗിനെ ഉപയോഗിക്കാന്‍ അവസരമുണ്ടായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി തിളങ്ങിയ ലെഗ് സ്പിന്നര്‍ സുയാഷ് ശര്‍മക്കോ റണ്‍വേട്ടയില്‍ രണ്ടാമത് എത്തിയ പഞ്ചാബിന്‍റെ അഭിഷേക് ശര്‍മക്കോ അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയാറായില്ല.

ഐപിഎല്ലില്‍ തിളങ്ങിയ തിലക് വര്‍മ, യശസ്വി ജയ്‌സ്വാള്‍, എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തിളങ്ങിയ ശിവം ദുബെക്കും അവസരം ലഭിച്ചു. മുഷ്താഖ് അലി ട്രോഫിയില്‍ തിലക് വര്‍മ ഏഴ് ഇന്നിംഗ്സുകളില്‍ 288 റണ്‍സാണ് നേടിയത്. റുതുരാജ് ഗെയ്ക്‌വാദാകട്ടെ ആറ് ഇന്നിംഗ്സില്‍ 244 റണ്‍സും യശസ്വി ജയ്‌സ്വാള്‍ എട്ട് ഇന്നിംഗ്സില്‍ 242 റണ്‍സുമാണ് നേടിയത്. മുംബൈയുടെ ശിവം ദുബെയാകട്ടെ എട്ട് ഇന്നിംഗ്സില്‍ 190 റണ്‍സെ നേടിയുള്ളു.

ഫൈനലില്‍ സിറാജിനെ തഴഞ്ഞു, വിമര്‍ശനവുമായി മുന്‍ താരം

ആഭ്യന്തര ടി20 ടൂര്‍ണമെന്‍റിലെ പ്രകടനം ഇന്ത്യന്‍ ടീം സെലക്ഷന് പരിഗണിക്കാതെ ഐപിഎല്ലിലെ പ്രകടനം മാത്രം പരിഗണിക്കുന്നതിനെതിരെ മുമ്പും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മലയാളി താരം സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനം പ്രതീക്ഷിച്ചിരുന്നതായിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്‍റെ നായകനായി സഞ്ജുവിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സമയത്ത് തന്നെയാണ് വിജയ് ഹസാരെ ട്രോഫിയും നടക്കുന്നത്. മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന് എട്ട് ഇന്നിംഗ്സില്‍ 138 റണ്‍സെ നേടാനായിരുന്നുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios