തിരുവനന്തപുരം: സ്ഥിരതയില്ലെന്ന വിമര്‍ശനങ്ങളുടെ പേരില്‍ ബാറ്റിംഗ് ശൈലി മാറ്റില്ലെന്ന് ഇന്ത്യന്‍ താരം സഞ്ജു വി സാംസണ്‍. ഐപിഎല്ലിലെയും ഇന്ത്യ എയിലെയും അനുഭവങ്ങള്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ‍ഞ്ജു വി സാംസണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

"അടുപ്പമുള്ളവരുടെ സന്തോഷം നേരില്‍ കാണുന്നതാണ് എന്‍റെ വലിയ സന്തോഷം. വീണ്ടും ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ അവസരം ലഭിച്ചതിലുള്ള അഭിനന്ദങ്ങളില്‍ സന്തോഷമുണ്ട്. ടീമിലെത്തിയ ഉടനെ ഗൗതം ഗംഭീറിനെ വിളിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ ഏറെക്കാലം കളിച്ചുപരിചയമുള്ള താരമാണ് ഗംഭീര്‍. ഡ്രസിംഗ് റൂമിലും മൈതാനത്തും എങ്ങനെയാവണമെന്ന ഉപദേശം അദേഹം തന്നു. ഇതിഹാസങ്ങള്‍ പിന്തുണയ്‌ക്കുന്നത് ആത്മവിശ്വാസം കൂട്ടുന്നു. 

കുറച്ചുനാളുകളായി ഉറക്കം പ്രശ്‌നമായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് സീരിസിലും ടീമിലെത്താന്‍ ചെറിയ സാധ്യതകളുണ്ടായിരുന്നു. നേരത്തെ ഇന്ത്യന്‍ ടീം സെലക്‌ഷന്‍ കാര്യമായി പിന്തുടരാറില്ലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിന്‍റെ മത്സരങ്ങള്‍ ഗൗരവമായി വീക്ഷിക്കാന്‍ തുടങ്ങിയതോടെ വലിയ പ്രതീക്ഷകളും സമ്മര്‍ദങ്ങളുമുണ്ടായി. വീണ്ടും ടീമിലെത്തിനായതില്‍ ഭാര്യക്ക് തന്നെയാണ് ക്രഡിറ്റ്. ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാനായതില്‍ സന്തോഷവും സമാധാനവുമുണ്ട്. അതാവാം മികച്ച പ്രകടനത്തിന്‍റെ പിന്നില്‍. എന്നാല്‍ വിവാഹം കഴിച്ചതുകൊണ്ട് മാത്രമാണ് മികവ് കാട്ടാനായത് എന്ന് വിശ്വസിക്കുന്നില്ല. വിവാഹവും ക്രിക്കറ്റും രണ്ടാണ്. വീട്ടിലെ സന്തോഷം ഏറെ ആത്മവിശ്വാസം നല്‍കുന്നു. ക്രിക്കറ്റും കുടുംബവും രണ്ടായി കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്".

സ്ഥിരതയില്ല എന്ന വിമര്‍ശനത്തോടുള്ള പ്രതികരണം

"പത്തില്‍ ഒന്നോ രണ്ടോ മത്സരങ്ങളിലെ നന്നായി കളിക്കാറുള്ളൂ എന്ന് എന്‍റെ ഹിസ്റ്ററി നോക്കുമ്പോള്‍ വ്യക്തമായി. ബാക്കി എട്ട് കളികളില്‍ എന്ത് ശ്രമിച്ചിട്ടും അടിക്കാനാകുന്നില്ല. എന്നാല്‍ കിട്ടുന്ന ഒന്നോ രണ്ടോ മാച്ചുകള്‍ ബിഗ് ഇന്നിംഗ്‌സ് കളിച്ചാല്‍ എല്ലാവരും ശ്രദ്ധിക്കും. എന്‍റെ ശൈലി അനുസരിച്ച് സ്ഥിരത ഉണ്ടാക്കിയെടുക്കാനാകില്ല. സ്ഥിരതയ്‌ക്ക് വേണ്ടി ശൈലി മാറ്റാന്‍ ശ്രമിക്കാറില്ല. സ്വതസിദ്ധമായ ഗെയിം കളിക്കാനും അത് മെച്ചപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. 

കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ഇന്ത്യ എയ്‌ക്കൊപ്പം കളിക്കുന്നുണ്ട്. ഐപിഎല്ലിലും അണ്ടര്‍ 19 തലത്തിലും ഒപ്പം കളിച്ചവര്‍ ഇന്ത്യന്‍ ടീമിലുണ്ട്. യുവനിരയ്‌ക്കൊപ്പം കളിക്കാന്‍ അവസരം ലഭിക്കുന്നത് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരങ്ങള്‍ കൂടുതല്‍ നന്നായി ആസ്വദിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണ്. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ ഏറെ പരിശ്രമങ്ങളിലാണ്. ദിവസം മൂന്ന്-നാല് മണിക്കൂര്‍ പരിശീലനം നടത്താറുണ്ട്. അതിന് ഫിറ്റ്‌നസ് ആവശ്യമാണ്. കഠിനപരിശീലനം നടത്താന്‍ ഇഷ്ടപ്പെടുന്ന ആളാണ്. ജിമ്മില്‍ സമയം ചിലവഴിക്കുന്നത് ഇഷ്ടമാണ്. ദീര്‍ഘകാലമായി ഇതേ പരിശീലനരീതിയാണ് പിന്തുടരുന്നത്" എന്നും സഞ്ജു വി സാംസണ്‍ പറഞ്ഞു. 

ബാംഗ്ലാദേശിനെതിരെ സ‌ഞ്ജുവിന് അന്തിമ ഇലവനില്‍ അവസരം?

ഋഷഭ് പന്തിന്റെ പകരക്കാരനായല്ല സഞ്ജു സാംസണെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരുമ്പോള്‍ സഞ്ജുവിനെ സ്‌പെഷലിസ്റ്റ് ബാറ്റ്സ്മാനായാണ് പരിഗണിക്കുന്നതെന്നും പ്രസാദ് വ്യക്തമാക്കി. "ഇന്ത്യ എക്കായും വിജയ് ഹസാരെ ട്രോഫിയിലും സഞ്ജു ഇത്തവണ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.അതുകൊണ്ടുതന്നെ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ മാത്രമാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചത്"-പ്രസാദ് പറഞ്ഞു. ഋഷഭ് പന്ത് അന്തിമ ഇലവനില്‍ കളിച്ചാലും ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഞ്ജുവിന് അവസരമുണ്ടെന്നതിന്റെ സൂചനയാണ് എം എസ് കെ പ്രസാദിന്‍റെ ഈ വാക്കുകള്‍.