ഓപ്പണര്‍ക്ക് വേണ്ട സാങ്കേതിക തികവൊന്നുമില്ലാത്ത മധ്യനിര ബാറ്ററായ സെവാഗിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാനുള്ള തീരുമാനം ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയേടാതാണെന്നാണ് ക്രിക്കറ്റ് ലോകം ഇതുവരെ ധരിച്ചിരുന്നത്. സെവാഗ് തന്നെ ഇക്കാര്യം പലവട്ടം പറയുകയും ചെയ്തിരുന്നു.

മുംബൈ: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായിരുന്നു ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്. എന്നാല്‍ മധ്യനിരയില്‍ ബാറ്റിംഗ് തുടങ്ങിയ സെവാഗിന്‍റെ കരിയര്‍ മാറ്റി മറിച്ചത് ഓപ്പണറായുള്ള സ്ഥാനക്കയറ്റമായിരുന്നു. പിന്നീട് ഒരിക്കലും സെവാഗിന് കരിയറില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറി അടക്കം സെവാഗ് ഓപ്പണറായശേഷൺ സ്വന്തമാക്കി.

ഓപ്പണര്‍ക്ക് വേണ്ട സാങ്കേതിക തികവൊന്നുമില്ലാത്ത മധ്യനിര ബാറ്ററായ സെവാഗിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാനുള്ള തീരുമാനം ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയേടാതാണെന്നാണ് ക്രിക്കറ്റ് ലോകം ഇതുവരെ ധരിച്ചിരുന്നത്. സെവാഗ് തന്നെ ഇക്കാര്യം പലവട്ടം പറയുകയും ചെയ്തിരുന്നു. എന്നാല്‍ തന്നെ ഓപ്പണറാക്കണമെന്ന് ഗാംഗുലിയോട് ആദ്യം നിര്‍ദേശിച്ചത് മറ്റൊരു താരമാണെന്ന് വെളിപ്പെടുത്തുകയാണ് സെവാഗ് ഇപ്പോള്‍. സ്റ്റാര്‍ സ്പോര്‍ട്സില്‍ പാക് പേസറായ ഷൊയൈബ് അക്തറുമായുള്ള സംഭാഷണത്തിനിടെയാണ് വീരു ഇക്കാര്യം തുറന്നു പറഞ്ഞത്.

അഫ്രീദി അന്ന് സച്ചിനെ കുറേ ചീത്ത വിളിച്ചു, സച്ചിന്‍റെ ഏറ്റവും മികച്ച ലോകകപ്പ് ഇന്നിംഗ്സിനെക്കുറിച്ച് സെവാഗ്

സെവാഗിനെ ഓപ്പണറായി ഇറക്കാമെന്നത് ആരുടെ ഐഡിയ ആയിരുന്നുവെന്ന അക്തറിന്‍റെ ചോദ്യത്തിന് അത് സഹീര്‍ ഖാന്‍റെ ഐഡിയ ആണെന്നായിരുന്നു സെവാഗിന്‍റെ മറുപടി. സഹീറാണ് ഗാംഗുലിയോട് സെവാഗിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാന്‍ നിര്‍ദേശിച്ചതെന്ന് സെവാഗ് പറഞ്ഞു. അതിന് മുമ്പ് താന്‍ മധ്യനിര ബാറ്ററായിരുന്നുവെന്നും 199ല്‍ ആദ്യമായി താങ്കളെ നേരിട്ടപ്പോഴും താന്‍ മധ്യനിര ബാറ്ററായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

Scroll to load tweet…

ഇന്ത്യക്കായി 104 ടെസ്റ്റുകളില്‍ കളിച്ച സെവാഗ് 23 സെഞ്ചുറി ഉള്‍പ്പെടെ 8586 റണ്‍സ് നേടി. 319 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 251 ഏകദിനങ്ങളില്‍ നിന്ന് 15 സെഞ്ചുറി ഉള്‍പ്പെടെ 8273 റണ്‍സും സെവാഗിന്‍റെ പേരിലുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ രണ്ടാമത്തെ കളിക്കാരനും സെവാഗാണ്. 219 റണ്‍സാണ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.