ഗില്ലിന്‍റെയും ജയ്സ്വാളിന്‍റെയും തകര്‍പ്പന്‍ ബാറ്റിംഗല്ല യഥാര്‍ത്ഥത്തില്‍ ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായതെന്ന് സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ

ഹരാരെ: ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ സിംബാ‌ബ്‌വെക്കെതിരെ 10 വിക്കറ്റ് വിജയവുമായി ഇന്ത്യ അഞ്ച് മത്സര പരമ്പര സ്വന്തമാക്കിയപ്പോള്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയത് ക്യാപ്റ്റന്‍ ശുഭ്മാന്‍‍ ഗില്ലും ഓപ്പണര്‍ യശസ്വി ജയ്സ്വാളുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.53 പന്തില്‍ 93 റണ്‍സുമായിപുറത്താകാകെ നിന്ന ജയ്സ്വാളിന് ഏഴ് റണ്‍സകലെ സെഞ്ചുറി നഷ്ടമായപ്പോള്‍ 39 പന്തില്‍ 5 റണ്‍സുമായി ഗില്ലും പുറത്താകാതെ നിന്നു. ജയ്സ്വാൾ കളിയിലെ താരമാകുകയും ചെയ്തു.

എന്നാല്‍ ഗില്ലിന്‍റെയും ജയ്സ്വാളിന്‍റെയും തകര്‍പ്പന്‍ ബാറ്റിംഗല്ല യഥാര്‍ത്ഥത്തില്‍ ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായതെന്ന് സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ മത്സരശേഷം പറഞ്ഞു. ടോസ് നഷ്ടമായി ഞങ്ങള്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ പിച്ചില്‍ ബാറ്റിംഗ് അത്ര എളപുപ്പമായിരുന്നില്ല.അതുകൊണ്ടുതന്നെ 160 റണ്‍സൊക്കെ മികച്ച വിജയലക്ഷ്യമാകുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ അവരുടെ ബാറ്റിംഗ് കണ്ടപ്പോള്‍ 180 അടിച്ചിരുന്നെങ്കില്‍ പോലും മതിയാവുമായിരുന്നില്ലെന്ന് മനസിലായി.

വേദനയുണ്ട്, ബിസിസിഐ സഹായിക്കുമെന്നാണ് പ്രതീക്ഷ; മുൻ താരം അൻഷുമാൻ ഗെയ്ക്‌വാദിന് ചികിത്സാ സഹായം തേടി കപിൽ ദേവ്

ഓരോ മത്സരത്തില്‍ നിന്നും ഞങ്ങള്‍ പുതിയ പാഠങ്ങള്‍ പഠിക്കുകയാണ്.അവസാന 5 ഓവറുകളില്‍ 8-10 റണ്‍സ് വെച്ച് അടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് കുറച്ചുകൂടി മികച്ച സ്കോറില്‍ എത്താനാകുമായിരുന്നു.പിച്ചില്‍ അപ്രതീക്ഷിത ബൗണ്‍സും പന്ത് കുത്തിപ്പൊങ്ങുന്നുമുണ്ടായിരുന്നു. അതുകൊണ്ടാണ് തുടക്കത്തില്‍ ഞങ്ങള്‍ കരുതലോടെ കളിച്ചത്.

യഥാര്‍ത്ഥത്തില്‍ മത്സരത്തിന്‍റെ ഗതി തിരിച്ചത് ആദ്യ ഇന്നിംഗ്സിലെ ഇടവേളയാണ്. ആ സമയത്ത് ഹെവി റോളര്‍ ഉപയോഗിച്ച് പിച്ച് റോള്‍ ചെയ്തതോടെയാണ് ഇന്ത്യക്ക് ബാറ്റിംഗ് അനായസമായത്. അതോടെ പിച്ച് ബാറ്റിംഗിന് അനുകൂലമായ പിച്ചായി. അവരത് പരമാവധി മുതലാക്കുകയും ചെയ്തു. അവസാന മത്സരം കൂടി ബാക്കിയുണ്ട്. അതില്‍ ജയിച്ച് പരമ്പര 3-2ല്‍ എത്തിക്കാനാണ് സിംബാബ്‌വെ ശ്രമിക്കുന്നതെന്നും സിക്കന്ദര്‍ റാസ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക