ഞങ്ങളുടെ കാലത്ത് ക്രിക്കറ്റ് ബോര്‍ഡിന് പണമില്ലായിരുന്നു. എന്നാല്‍ ഇന്ന് പണമുണ്ടായപ്പോള്‍ മുന്‍ താരങ്ങളെ സംരക്ഷിക്കാനുള്ള ചുമതല ബോര്‍ഡിനുണ്ട്.
ദില്ലി: ക്യാന്‍സര്‍ ബാധിതായി ലണ്ടിനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യൻ താരം അന്‍ഷുമാന്‍ ഗെയ്ക്‌വാദിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വികാരാധീനനായി ഇതിഹാസ താരം കപില്‍ ദേവ്. അന്‍ഷുമാന്‍റെ ചികിത്സക്കായി താനും സഹതാരങ്ങളായിരുന്ന മൊഹീന്ദര്‍ അമര്‍നാഥ്, സുനില്‍ ഗവാസ്കർ, സന്ദീപ് പാട്ടീൽ, ദിലീപ് വെങ്‌സര്‍ക്കാര്‍, രവി ശാസ്ത്രി, കീര്‍ത്തി ആസാദ് തുടങ്ങിയവരുമെല്ലാം ചേര്‍ന്ന് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എങ്കിലും ചികിത്സക്ക് കൂടുതല്‍ പണം ആവശ്യമായതിനാല്‍ ബിസിസിഐ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കപില്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.
രക്താര്‍ബുദ ബാധിതനായി കഴിഞ്ഞ ഒരുവര്‍ഷമായി ലണ്ടനില്‍ ചികിത്സയിലാണ് ഇന്ത്യയുടെ മുൻ പരിശീലകന്‍ കൂടിയായ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്. അന്‍ഷുവിന്‍റെ ആരോഗ്യസ്ഥിതി കാണുമ്പോള്‍ സങ്കടവും വേദനയുമുണ്ട്. ഒരുമിച്ച് കളിച്ച ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഈ അവസ്ഥയില്‍ കാണാനാവില്ല. ആരും വേദന അനുഭവിക്കരുത്. അന്‍ഷുവിന്‍റെ കാര്യത്തില്‍ ബിസിസിഐ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹായിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. അദ്ദേഹത്തിന് എന്ത് സഹായം ചെയ്യുകയാണെങ്കിലും അത് ഹൃദയത്തില്‍ നിന്നാവണം. കാരണം, രാജ്യത്തിനായി ഒട്ടേറെ എറുകള്‍ മുഖത്ത് ഏറ്റുവാങ്ങിയവനാണ് അന്‍ഷു. ഇപ്പോള്‍ നമ്മള്‍ അദ്ദേഹത്തിന്‍റെ കൂടെ നില്‍ക്കേണ്ട സമയമാണ്.
പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ പകരം ആരെത്തും
നമ്മുടെ ആരാധകര്‍ അദ്ദേഹത്തെ പരാജയപ്പെടാന്‍ അനുവദിക്കില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അന്‍ഷും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നാണ് കപിലിന്‍റെ വാക്കുകള്‍. മുന്‍ താരങ്ങളുടെ സഹായത്തിനായി ഒരു സിസ്റ്റം നിലവിലില്ല. ഇന്നത്തെ താരങ്ങള്‍ക്ക് ധാരാളം പണം ലഭിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. അതില്‍ സന്തോഷമുണ്ട്. സപ്പോര്‍ട്ട് സ്റ്റാഫിനുപോലും ഇന്ന് കൈനിറയെ പണം ലഭിക്കുന്നുണ്ട്. ഞങ്ങളുടെ കാലത്ത് ക്രിക്കറ്റ് ബോര്‍ഡിന് പണമില്ലായിരുന്നു. എന്നാല്‍ ഇന്ന് പണമുണ്ടായപ്പോള്‍ മുന്‍ താരങ്ങളെ സംരക്ഷിക്കാനുള്ള ചുമതല ബോര്‍ഡിനുണ്ട്.
മുന്‍ താരങ്ങളുടെ സംരക്ഷണത്തിനായി ട്രസ്റ്റ് പോലെ എന്തെങ്കിലും സമ്പ്രദായം വേണമെന്നും അതിലേക്കായി കുടുംബം അനുവദിച്ചാല്‍ താന്‍ അടക്കമുള്ള താരങ്ങള്‍ അന്‍ഷുവിന്‍റെ സംഭാവന ചെയ്യാന്‍ തയാറാണെന്നും രപില്‍ വ്യക്തമാക്കി. ഇന്ത്യക്കായി 1975മുതല്‍ 1987 വരെ 40 ടെസ്റ്റുകളില്‍ കളിച്ച ഗെയ്ക്‌വാദ് രണ്ട് കാലയളവില്‍ ഇന്ത്യൻ പരിശീലകനുമായിരുന്നു.
