ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും സഹായമെത്തിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ദില്ലി ഈസ്റ്റ് എംപിയുമായ ഗൗതം ഗംഭീര്‍. സുരക്ഷാ ഉപകരണങ്ങളാണ് ഗംഭീര്‍ നല്‍കിയത്. നേരത്തെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പണമല്ല, സുരക്ഷ ഉപകരണങ്ങളാണ് വേണ്ടതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചിരുന്നു. ഇതിനി പിന്നാലെയാണ് ഗംഭീര്‍. ഉപകരണങ്ങള്‍ നല്‍കിയത്. 

ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്വീറ്റ് ഇങ്ങനെ... ''ഞാന്‍ വാക്കു പാലിച്ചു. എല്‍എന്‍ജെപി ആശുപത്രിയിലേക്ക് ഇതാ 1000 പിപിഇ കിറ്റുകള്‍. അരവിന്ദ് കേജ്‌രിവാള്‍, ഡല്‍ഹിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇനി താങ്കളുടെ ഊഴമാണ്. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാം. എവിടെയാണ് എത്തിക്കേണ്ടത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കുമല്ലോ.'' താരം പറഞ്ഞു.

എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടും എഎപി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ചു ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. നേരത്തെ, രണ്ടു തവണയായി 50 ലക്ഷം രൂപ വീതമാണ് ഗംഭീര്‍ അനുവദിച്ചത്. പണമല്ല ആവശ്യമെന്നും നഴ്സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള സുരക്ഷാ ഉപകരണങ്ങളാണ് വേണ്ടതെന്നും കേജ്‌രിവാള്‍ പറയുകയായിരുന്നു.