ബെംഗളൂരു: ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശർമ്മ ശനിയാഴ്‌ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ശാരീരികക്ഷമതാ പരിശോധനയ്‌ക്ക് വിധേയനാവും. ശാരീരികക്ഷമത തെളിയിച്ചാലേ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമിൽ ഇശാന്തിനെ ഉൾപ്പെടുത്തുകയുള്ളൂ. ഈമാസം 21നാണ് ഒന്നാം ടെസ്റ്റ് തുടങ്ങുക. 

കഴിഞ്ഞമാസം 21ന് വിദ‍ർഭയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് 31കാരനായ ഇശാന്തിന്റെ കാല്‍ക്കുഴയ്‌ക്ക് പരുക്കേറ്റത്. വിദര്‍ഭയുടെ രണ്ടാം ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ കാല്‍വഴുതി വീണ ഇശാന്ത് സപ്പോര്‍ട്ട് സ്റ്റാഫിന്‍റെ സഹായത്തോടെയാണ് മൈതാനത്തിന് പുറത്തുപോയത്. വിര്‍ഭയുടെ ആദ്യ ഇന്നിംഗ്‌സില്‍ 45 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയിരുന്നു താരം. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: വിരാട് കോലി(നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(ഉപനായകന്‍), ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ഇശാന്ത് ശര്‍മ്മ(പരിക്ക് ഭേദമായാല്‍ ടീമിലെത്തും).  

വീണ്ടും പരിശീലനം തുടങ്ങി ഹാര്‍ദിക് പാണ്ഡ്യ

ഇതേസമയം പരുക്കിൽ നിന്ന് മോചിതനാവുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം പുനരാരംഭിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയ്‌ക്കിടെ പരുക്കേറ്റ ഹ‍ാർദിക് ഒക്‌ടോബറിൽ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ പരമ്പര പാണ്ഡ്യക്ക് നഷ്‌ടമായി.