ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ 0-3ന്‍റെ തോല്‍വി വഴങ്ങിയ ടീം ഇന്ത്യക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ മൂന്നോ അതിലധികമോ മത്സരങ്ങളുള്ള വിദേശ ഏകദിന പരമ്പരയില്‍ വൈറ്റ്‌വാഷ് ചെയ്യപ്പെടുന്നത്(എല്ലാ മത്സരങ്ങളും നടന്ന പരമ്പരയില്‍). 1989ല്‍ വെസ്റ്റ് ഇന്‍ഡീസിനോടായിരുന്നു ഇന്ത്യ ഇതിനുമുന്‍പ് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടത്. അന്ന് 0-5നായിരുന്നു ഇന്ത്യയുടെ തോല്‍വി. അതിന് മുന്‍പ് 1984ലും വിന്‍ഡീസിനോട് 0-5ന് തോറ്റു. 

ബേ ഓവലില്‍ അഞ്ച് വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയുടെ 296 റണ്‍സ് 17 പന്ത് ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് മറികടന്നു. സ്‌കോര്‍: ഇന്ത്യ-296/7 (50.0), ന്യൂസിലന്‍ഡ്- 300/5 (47.1). ഓപ്പണര്‍മാരായ ഹെന്‍‌റി നിക്കോള്‍സിന്‍റെ 80 ഉം മാര്‍ട്ടിന്‍ ഗപ്റ്റിലിന്‍റെ 66 ഉം കിവീസിന് ശക്തമായ അടിത്തറ പാകി. 32 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ടോം ലാഥമിനെ കൂട്ടുപിടിച്ച് കോളിന്‍ ഗ്രാന്‍‌ഹോം(28 പന്തില്‍ 58) നടത്തിയ വെടിക്കെട്ടാണ് കിവികളെ ജയിപ്പിച്ചത്. അതേസമയം ഠാക്കൂറും സെയ്‌നിയും അടക്കമുള്ളവര്‍ കണക്കിന് അടിവാങ്ങി. മൂന്ന് വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രകടനം പാഴായി. 

നേരത്തെ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിയുടെയും(112) ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയുടെയും(62) കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 296 റണ്‍സെടുത്തു. രാഹുലിന്‍റെ നാലാം ഏകദിന സെഞ്ചുറിയാണ് ബേ ഓവലില്‍ പിറന്നത്. ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ ഇതാദ്യമായാണ് രാഹുല്‍ മൂന്നക്കം കാണുന്നത്. മനീഷ് പാണ്ഡെയുടെ പ്രകടനവും(42) നിര്‍ണായകമായി. ന്യൂസിലന്‍ഡിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി. ടി20 പരമ്പര 5-0ന് നേടിയ ശേഷമാണ് ഇന്ത്യ ഏകദിനത്തില്‍ ദയനീയ  തോല്‍വി(0-3) ഏറ്റുവാങ്ങിയത്.