കിവീസ് ഇപ്പോള്‍ 395 റണ്‍സ് മുന്നിലാണ്. അഞ്ച് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് (Trent Boult) ബംഗ്ലാദേശിനെ തകര്‍ത്തത്. നേരത്തെ ടോം ലാഥം (252), ഡെവോണ്‍ കോണ്‍വെ (109) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെതിരായ (NZvBAN) രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് (New Zealand) മേല്‍ക്കൈ. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 521നെതിരെ ബംഗ്ലാദേശിന്റെ (Bangladesh) മറുപടി ബാറ്റിംഗ് 126ന് അവസാനിച്ചു. കിവീസ് ഇപ്പോള്‍ 395 റണ്‍സ് മുന്നിലാണ്. അഞ്ച് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് (Trent Boult) ബംഗ്ലാദേശിനെ തകര്‍ത്തത്. നേരത്തെ ടോം ലാഥം (252), ഡെവോണ്‍ കോണ്‍വെ (109) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

യാസിര്‍ അലി (55), നൂറുല്‍ ഹസന്‍ (41) എന്നിവര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. ഷദ്മാന്‍ ഇസ്ലാം (7), മുഹമ്മദ് നയിം (0), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (4), മൊമിനുല്‍ ഹഖ് (0), ലിറ്റണ്‍ ദാസ് (8), മെഹിദി ഹസന്‍ (5), ടസ്‌കിന്‍ അഹമ്മദ് (2), ഷൊറിഫുള്‍ ഇസ്ലാം (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒരുഘട്ടത്തില്‍ അഞ്ചിന് 27 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. ബോള്‍ട്ടിന് പുറമെ ടിം സൗത്തി മൂന്നും കെയ്ല്‍ ജെയ്മിസണ്‍ രണ്ടും വിക്കറ്റ് നേടി.

റോസ് ടെയ്‌ലറുടെ കരിയറിലെ അവസാന ടെസ്റ്റാണിത്. ബംഗ്ലാദേശ് ഫോളോ ഓണ്‍ വഴങ്ങിയെങ്കിലും വീണ്ടും ബാറ്റിംഗിന് വിടാന്‍ സാധ്യത കുറവാണ്. ടെയ്‌ലര്‍ക്ക് ബാറ്റ് ചെയ്യാന്‍ മറ്റൊരു അവസരം കൂടി നല്‍കിയേക്കും. നേരത്തെ ലാഥമാണ് കിവീസിനെ മുന്നില്‍ നയിച്ചത്. 34 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. കോണ്‍വെ ഒരു സിക്‌സും 12 ഫോറും നേടി. 175 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

വില്‍ യംഗ് (54), റോസ് ടെയ്‌ലര്‍ (28), ഹെന്റി നിക്കോള്‍സ് (0), ഡാരില്‍ മിച്ചല്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ടോം ബ്ലണ്ടല്‍ (57), ജെയ്മിസണ്‍ (4) പുറത്താവാതെ നിന്നു.