ഓവറിലെ മൂന്നാം പന്തില്‍ എബാദത്ത് ഹുസൈനെ പുറത്താക്കിയ  ടെയ്‌ലര്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിപ്പിച്ചതിനൊപ്പം കിവീസിന് ഇന്നിംഗ്സ് ജയം സമ്മാനിക്കുകയും ചെയ്തു. ഇതോടെ കരിയറിലെ അവസാന ടെസ്റ്റില്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതെ വിക്കറ്റെടുക്കുന്ന ആദ്യ കളിക്കാരനെന്ന അപൂര്‍വനേട്ടവും ടെയ്‌ലറുടെ പേരിലായി.

ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയോടെ(NZ vs BAN) ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍(Ross Taylor) കരിയറിന് വിരാമമിട്ടത് അപൂര്‍വ നേട്ടത്തോടെ. ബംഗ്ലാദേശിന്‍റെ അവസാന ബാറ്റർ എബാദത്ത് ഹുസൈനെ( Ebadot Hossain) പുറത്താക്കിയാണ് ടെയ്‌ലർ ടെസ്റ്റില്‍ നിന്നുള്ള പടിയിറക്കം അവിസ്മരണീയമാക്കിയത്.

കരിയറിലെ 112-ാം ടെസ്റ്റ് കളിച്ച ടെയ്‌ലറുടെ മൂന്നാം വിക്കറ്റ് മാത്രമാണിത്. 2013 ഒക്ടോബറിലാണ് ടെയ്‌ലർ ഇതിന് മുൻപ് അവസാനമായി ടെസ്റ്റിൽ പന്തെറിഞ്ഞത്. വെളിച്ചക്കുറവ് മൂലം പേസര്‍മാര്‍ക്ക് പന്തെറിയാനാവാതെ വന്നതോടെയാണ് കിവീസ് നായകന്‍ ടോം ലാഥം അവസാന ടെസ്റ്റ് കളിക്കുന്ന റോസ് ടെയ്‌ലറെ പന്തേല്‍പ്പിച്ചത്.

ഓവറിലെ മൂന്നാം പന്തില്‍ എബാദത്ത് ഹുസൈനെ പുറത്താക്കിയ ടെയ്‌ലര്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിപ്പിച്ചതിനൊപ്പം കിവീസിന് ഇന്നിംഗ്സ് ജയം സമ്മാനിക്കുകയും ചെയ്തു. ഇതോടെ കരിയറിലെ അവസാന ടെസ്റ്റില്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതെ വിക്കറ്റെടുക്കുന്ന ആദ്യ കളിക്കാരനെന്ന അപൂര്‍വനേട്ടവും ടെയ്‌ലറുടെ പേരിലായി. 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറില്‍ ഏഴാം തവണ മാത്രമാണ് ടെയ്‌ലര്‍ പന്തെറിയുന്നത്.

Scroll to load tweet…

2010ല്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹര്‍ഭജന്‍ സിംഗിനെയും മലയാളി താരം എസ് ശ്രീശാന്തിനെയും പുറത്താക്കിയതാണ് ഇതിന് മുമ്പ് റോസ്‌ ടെയ്‌ലര്‍ നേടിയ ടെസ്റ്റ് വിക്കറ്റുകള്‍. ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 117 റണ്‍സിനും ജയിച്ചാണ് പരമ്പര സമനിലായിക്കിയത്. അവസാന ടെസ്റ്റില്‍ ബാറ്റിംഗിനിറങ്ങിയ ടെയ്‌ലര്‍ 39 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായിരുന്നു.

വിക്കറ്റോടെ കരിയര്‍ അവസാനിപ്പിക്കാനായത് സന്തോഷം നല്‍കുന്നുവെന്നും വിജയത്തോടെ വിടവാങ്ങാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും മത്സരശേഷം ടെയ്‌ലര്‍ പറഞ്ഞു. 112 ടെസ്റ്റില്‍ കളിച്ച ടെയ്‌ലര്‍ 44.16 ശരാശരിയില്‍ 7684 റണ്‍സടിച്ചിട്ടുണ്ട്. 19 സെഞ്ചുറികളും സ്വന്തമാക്കിയിട്ടുള്ള ടെയ്‌ലര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്‍റെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനും ഡാനിയേല്‍ വെറ്റോറിക്കൊപ്പം കിവീസിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റില്‍ കളിച്ച താരവുമാണ്.