ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കൊല്‍ക്കത്ത സിറ്റി പൊലീസുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ സുരക്ഷാ പ്രശ്‌നം ചര്‍ച്ചയായി

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് പുറമെ മറ്റൊരു അങ്കം കൂടി ആശങ്കയില്‍. സുരക്ഷാ കാരണങ്ങളാല്‍ നവംബര്‍ 12ലെ ഇംഗ്ലണ്ട്- പാകിസ്ഥാന്‍ മത്സരത്തിന്‍റെ തിയതി മാറ്റണമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍(സിഎബി) ബിസിസിഐയോട് ആവശ്യപ്പെട്ടു. കാളി പൂജയുടെ തിയതിയായതിനാല്‍ നഗരത്തിലെ വലിയ തിരക്കിനിടെ മത്സരത്തിന് സുരക്ഷയൊരുക്കുക വെല്ലുവിളിയാണ് എന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. നവംബര്‍ 12ന് പകരം 11 ആണ് പുതുക്കിയ തിയതിയായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കൊല്‍ക്കത്ത സിറ്റി പൊലീസുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ സുരക്ഷാ പ്രശ്‌നം ചര്‍ച്ചയായി എന്നാണ് ഇഎസ്‌പിഎന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ഒരു ഭാഗത്ത് വരുന്ന മത്സരമായതിനാല്‍ കളിക്ക് വലിയ ആരാധകരുടെ തിരക്ക് ഈഡന്‍ ഗാര്‍ഡന്‍സിലുണ്ടാകും. ഇതിനാല്‍ മത്സരത്തിന്‍റെ തിയതി മാറ്റണം ആവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്ക് സിഎബി അധിക‍ൃതര്‍ കത്തെഴുതുകയായിരുന്നു. ടിക്കറ്റ് ഇനത്തില്‍ വലിയ തുക ലഭിക്കുന്ന മത്സരമാണ് പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ളത് എന്നതിനാല്‍ മത്സരം കൊല്‍ക്കത്തയ്‌ക്ക് പുറത്ത് നടത്താന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ താല്‍പര്യപ്പെടുന്നില്ല. 1996ലെ വിവാദ സെമിക്ക് ശേഷം ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏകദിന ലോകകപ്പ് മത്സരം നടന്നിട്ടില്ല. ഇത്തവണ അഞ്ച് മത്സരങ്ങളാണ് ഈഡനില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്- പാകിസ്ഥാന്‍ മത്സരത്തിന് പുറമെ ബംഗ്ലാദേശ്- നെതര്‍ലന്‍ഡ്, ബംഗ്ലാദേശ്- പാകിസ്ഥാന്‍, ഇന്ത്യ- ദക്ഷിണാഫ്രിക്ക, ലോകകപ്പിലെ രണ്ടാം സെമി എന്നിവയ്‌ക്ക് ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാവും. 

ഇന്ത്യ- പാക്

ഒക്‌ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന്‍റെ തിയതി മാറ്റുന്നത് നിലവില്‍ ബിസിസിഐയുടെയും ഐസിസിയുടേയും പരിഗണനയിലാണ്. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസമാണ് അന്നേദിനം എന്നതിനാല്‍ അഹമ്മദാബാദില്‍ സുരക്ഷയൊരുക്കുക വെല്ലുവിളിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ച സാഹചര്യത്തിലാണിത്. ഒരു ദിവസം മുന്നേ 14-ാം തിയതി സൂപ്പര്‍ പോരാട്ടം നടത്താനാണ് സാധ്യത എങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇന്ത്യ- പാക് മത്സരമുള്‍പ്പടെ ചില കളികളുടെ മത്സരക്രമം മാറ്റുന്നത് പരിഗണനയിലാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. 10 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ഏകദിന ലോകകപ്പിന് ഒക്‌ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യ ആതിഥേയത്വമരുളുന്നത്. 

Read more: ഏകദിന ലോകകപ്പ്: ഇന്ത്യ- പാക് ആവേശപ്പോരിന്‍റെ തിയതി മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം