കഴിഞ്ഞ ലോകകപ്പ് സെമിയിൽ വീണപ്പോഴേറ്റ മുറിപ്പാട് മായ്ക്കാനാണ് ടീം ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്

ധരംശാല: ക്രിക്കറ്റില്‍ ഇന്ത്യയും ന്യൂസിലൻഡും വീണ്ടും ഏറ്റുമുട്ടുമ്പോൾ ലോകകപ്പിലെ മുൻകാല മത്സര ചരിത്രം കിവികള്‍ക്ക് അനുകൂലം. 2003ന് ശേഷം ഇന്ത്യക്ക് ഐസിസി ടൂര്‍ണമെന്‍റുകളില്‍ കിവീസിനെ തോൽപ്പിക്കാനായിട്ടില്ല. എന്നാൽ അവസാനം നേര്‍ക്കുനേര്‍ വന്ന മൂന്ന് ഏകദിന മത്സരങ്ങളും ജയിക്കാനായതിന്‍റെ മുൻതൂക്കം ഇന്ത്യക്കുമുണ്ട്

240 റൺസെന്ന എത്തിപ്പിടിക്കാനാകുമായിരുന്ന വിജയലക്ഷ്യത്തിന് 18 റൺസകലെ കഴിഞ്ഞ ലോകകപ്പ് സെമിയിൽ വീണപ്പോഴേറ്റ മുറിപ്പാട് മായ്ക്കാനാണ് ടീം ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. അതിനും ഏറെക്കാലം മുമ്പേറ്റ മുറിവുകളും ടീമിനെ വലയ്‌ക്കുന്നു. 2003ൽ നാല് വിക്കറ്റെടുത്ത പേസര്‍ സഹീര്‍ ഖാന്‍റെയും അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് കൈഫിന്‍റെയും രാഹുല്‍ ദ്രാവിഡിന്‍റെയും മികവിൽ ഏഴ് വിക്കറ്റ് ജയം നേടിയ ശേഷം ഏകദിന ലോകകപ്പില്‍ ന്യൂസിലൻഡിനെ തോൽപ്പിക്കാൻ ഇന്ത്യക്കായിട്ടില്ല. ട്വന്‍റി 20 ലോകകപ്പിലും ഇന്ത്യക്ക് സ്ഥിരം തലവേദനയാണ് കിവികൾ. 2007ലും 2016ലും 2021ലും കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയെ ന്യൂസിലൻ‍ഡ് വീഴ്ത്തി. പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും കിവികൾ ഇന്ത്യയുടെ വഴിമുടക്കികളായി. ഇംഗ്ലണ്ടിൽ നടന്ന ഫൈനലില്‍ കെയ്‌ൻ വില്ല്യംസണിന്‍റെ ടീം ജയിച്ചുകയറുകയായിരുന്നു. കിവികളോട് രണ്ട് പതിറ്റാണ്ടേണ്ട വീഴ്ചകൾക്ക് പരിഹാരം കാണാതെ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും ധരംശാലയില്‍ നിന്ന് മടങ്ങാനാവില്ല

ധരംശാലയിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം ആരംഭിക്കുക. ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീമുകളുടെ അങ്കം കൂടിയാണിത്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താം. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ഡിസ്‌നി+ഹോട്‌സ്റ്റാര്‍ വഴിയും തല്‍സമയം കാണാം. പേസര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള പിച്ചാണ് ധരംശാലയിലേത്. മികച്ച സ്വിങ് ലഭിക്കുമെന്നതിനാല്‍ ബാറ്റര്‍മാര്‍ കരുതലോടെയാവും ഇന്നിംഗ്‌സ് തുടങ്ങാന്‍ സാധ്യത. 

Read more: ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ സണ്‍ഡേ; കിവികളെ അരിഞ്ഞ് ഒന്നാമനാകാന്‍ ഇന്ത്യ, ടീമിന് ആശങ്കകളുടെ കൂമ്പാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം