വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, പേസര്‍ മുഹമ്മദ് ഷമി, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഗുജറാത്ത് ടീമില്‍ നിന്ന് ലോകകപ്പ് ടീമിലെത്തിയത്.
കൊളംബോ: ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്‍ ടീമുകളില്‍ കരുത്തുകാട്ടിയത് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് നാലു താരങ്ങളാണ് ലോകകപ്പ് ടീമില്‍ ഇടം നേടിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരാണ് ലോകകപ്പ് ടീമിലിടം നേടിയ മുംബൈ താരങ്ങള്‍. മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞാല്‍ ലോകകപ്പ് ടീമില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ സംഭാവന ചെയ്തിരിക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സാണ്. മൂന്ന് താരങ്ങളാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ലോകകപ്പ് ടീമിലെത്തിയത്.
വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, പേസര്‍ മുഹമ്മദ് ഷമി, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഗുജറാത്ത് ടീമില്‍ നിന്ന് ലോകകപ്പ് ടീമിലെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമുകളില്‍ നിന്ന് രണ്ട് വീതം താരങ്ങള്‍ ലോകകപ്പ് ടീമിലുണ്ട്. കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ക്ക് പുറമെ ഷാര്‍ദ്ദുല്‍ താക്കൂറാണ് ലോകകപ്പ് ടീമിലെത്തിയ രണ്ടാമന്‍. ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും ടീമിലെത്തിയപ്പോള്‍ ആര്‍സിബിയുടെ വിരാട് കോലിയും മുഹമ്മദ് സിറാജും ലോകകപ്പ് ടീമിലെത്തി.
ലഖ്നൗ സൂപ്പര്‍ ജയന്‍റ്സില്‍ നിന്ന് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് രവീന്ദ്ര ജഡേജ എന്നിവരും ലോകകപ്പ് ടീമിലെത്തിയപ്പോള്‍ പ്രാതിനിധ്യമില്ലാതെ പോയ മൂന്ന് ഐപിഎല്‍ ടീമുകളാണുള്ളത്. സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിുകളില്‍ നിന്ന് ഒറ്റ താരം പോലും ലോകകപ്പ് ടീമിലെത്തിയില്ല.
രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ഹൈദരാബാദിന്‍റെ വാഷിംഗ്ടണ്‍ സുന്ദര്‍, ഉമ്രാന്‍ മാലിക്, പഞ്ചാബ് കിംഗ്സിന്‍റെ ശിഖര്‍ ധവാന്‍ എന്നിവരെല്ലാം ലോകകപ്പിന്‍റെ പ്രാഥമിക പരിഗണനാ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടു.
