രാവിലെ പത്തരയ്ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരം

ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ നിര്‍ണായക മത്സരത്തിന് ന്യൂസിലന്‍ഡും പാകിസ്ഥാനും അല്‍പസമയത്തിനകം ഇറങ്ങും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ബൗളിംഗ് തെരഞ്ഞെടുത്തു. പാക് പ്ലേയിംഗ് ഇലവനില്‍ ഉസാമ അലിക്ക് പകരം ഹസന്‍ അലി തിരിച്ചെത്തി. ന്യൂസിലന്‍ഡ് നിരയില്‍ പരിക്ക് മാറി നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഇലവനിലേക്ക് മടങ്ങിവന്നത് ശ്രദ്ധേയമാണ്. കിവികളുടെ കഴിഞ്ഞ നാല് മത്സരങ്ങള്‍ കെയ്‌ന് നഷ്‌ടമായിരുന്നു. ഇതോടെ വില്‍ യങ്ക് പ്ലേയിംഗ് ഇലവന് പുറത്തായി. മറ്റൊരു മാറ്റം കൂടി കിവികളുടെ ഇലവനിലുണ്ട്. ഇഷ് സോധി കളിക്കുമ്പോള്‍ മാറ്റ് ഹെന്‍‌റി പുറത്തിരിക്കുകയാണ്. 

പ്ലേയിംഗ് ഇലവനുകള്‍

പാകിസ്ഥാന്‍: അബ്‌ദുള്ള ഷഫീഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), ഇഫ്‌തീഖര്‍ അഹമ്മദ്, സൗദ് ഷക്കീല്‍, ആഗ സല്‍മാന്‍, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, മുഹമ്മദ് വസീം ജൂനിയര്‍, ഹാരിസ് റൗഫ്. 

ന്യൂസിലന്‍ഡ്: ദേവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്‌ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്‌മാന്‍, മിച്ചല്‍ സാന്‍റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്.

രാവിലെ പത്തരയ്ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരം ആരംഭിക്കുന്നത്. സെമിഫൈനൽ ഉറപ്പിക്കാൻ ഇരു ടീമിനും ജയം അനിവാര്യമാണ്. നിലവില്‍ അഫ്‌ഗാനിസ്ഥാനും പിന്നിലായി ആറാമതാണ് പോയിന്‍റ് പട്ടികയില്‍ പാകിസ്ഥാന്‍. ഏഴ് കളികളില്‍ മൂന്ന് ജയങ്ങളെ മുന്‍ ചാമ്പ്യന്‍മാര്‍ക്കുള്ളൂ. പാകിസ്ഥാനെക്കാള്‍ രണ്ട് പോയിന്‍റിന്‍റെ മുന്‍തൂക്കം കിവികള്‍ക്കുണ്ട്. പോയിന്‍റ് പട്ടികയില്‍ നാലാമതാണ് നിലവില്‍ ന്യൂസിലന്‍ഡ് നില്‍ക്കുന്നത്. 

Read more: നോക്കൗട്ടിന് തൊട്ടുമുമ്പ് ഇരുട്ടടി; ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ നിന്ന് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം