ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് 350നടുത്ത് സ്കോര്‍, രണ്ട് താരങ്ങള്‍ക്ക് സെഞ്ചുറി

ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാന്‍ ബൗളര്‍മാരെ തല്ലിച്ചതച്ച് ശ്രീലങ്കയ്‌ക്ക് കൂറ്റന്‍ സ്കോര്‍. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡ‍ിയത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിന്‍റെ തീപ്പൊരി സെഞ്ചുറിക്ക് പിന്നാലെ സദീമ സമരവിക്രമയും മൂന്നക്കം തികച്ചതോടെയാണ് ലങ്ക കൂറ്റന്‍ സ്കോറിലെത്തിയത്. കുശാല്‍ 77 പന്തില്‍ 122 ഉം സദീര 89 പന്തില്‍ 108 ഉം റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാനായി ഹസന്‍ അലി നാല് വിക്കറ്റ് വീഴ്‌ത്തി. 

ആദ്യം ബാറ്റ് ചെയ്യാനുള്ള ശ്രീലങ്കയുടെ തീരുമാനം തെറ്റിച്ചായിരുന്നു ഇന്നിംഗ്‌സിന്‍റെ തുടക്കം. രണ്ടാം ഓവറിലെ നാലാം പന്തില്‍ വ്യക്തിഗത അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണര്‍ കുശാല്‍ പെരേര കൂടാരം കയറി. ഹസന്‍ അലിയാണ് പാകിസ്ഥാനായി ആദ്യ വിക്കറ്റ് നേടിയത്. ഇതിന് ശേഷം രണ്ടാം വിക്കറ്റില്‍ പാതും നിസങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് ലങ്കയെ നൂറ് കടത്തി. ടീം സ്കോര്‍ 107ല്‍ നില്‍ക്കേ 18-ാം ഓവറില്‍ നിസങ്കയെ പുറത്താക്കി ഷദാബ് ഖാന്‍ ബ്രേക്ക്‌ത്രൂ നേടി. 61 പന്തില്‍ 51 റണ്‍സുമായായിരുന്നു നിസങ്കയുടെ മടക്കം. ഇതിന് ശേഷം സദീര സമരവിക്രമയ്‌ക്കൊപ്പം വീണ്ടുമൊരു സെഞ്ചുറി കൂട്ടുകെട്ടില്‍ കൂടി കുശാല്‍ മെന്‍ഡിസ് പങ്കാളിയായി. ഇതിനിടെ 65 പന്തില്‍ സെഞ്ചുറി തികയ്‌ക്കുകയും ചെയ്‌തു താരം. 

മൂന്നക്കം തികച്ചതിന് ശേഷം അതിവേഗം കുതിച്ച കുശാല്‍ മെന്‍ഡിസ് 77 ബോളില്‍ 14 ഫോറും 6 സിക്‌സറും ഉള്‍പ്പടെ 122 റണ്‍സെടുത്ത് നില്‍ക്കേ ഹസന്‍ അലിക്ക് വിക്കറ്റ് നല്‍കി മടങ്ങി. ഒരോവറിന്‍റെ ഇടവേളയില്‍ ചരിത് അസലങ്കയെയും (3 പന്തില്‍ 1) അലി പറഞ്ഞയച്ചു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ സദീര സമരവിക്രമ- ധനഞ്ജയ ഡി സില്‍വ സഖ്യം 40 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ശ്രീലങ്കയെ 283-4 എന്ന സ്കോറിലെത്തിച്ചു. 34 പന്തില്‍ 25 റണ്‍സെടുത്ത ധനഞ്ജയ ഡി സില്‍വയെ മുഹമ്മദ് നവാസ് പുറത്തായെങ്കിലും നിലയുറപ്പിച്ചിരുന്ന സദീര സമരവിക്രമ 82 പന്തില്‍ സെഞ്ചുറി തികച്ചു. ഇന്നിംഗ്‌സിലെ 48-ാം ഓവറിലെ അവസാന പന്തില്‍ സദീര (89 പന്തില്‍ 108) അലിയുടെ പന്തില്‍ പുറത്തായി. അവസാന ഓവറില്‍ മഹീഷ് തീക്ഷന (0), ദുനിത് (10) എന്നിവരെ ഹാരിസ് റൗഫ് മടക്കിയതോടെയാണ് ലങ്ക 350 റണ്‍സ് തൊടാതിരുന്നത്. 

Read more: ഹസന്‍ അലിക്കിത് ഇന്ത്യ-പാക് മത്സരം മാത്രമല്ല! ബന്ധുക്കള്‍ കാത്തിരിക്കുന്നു പാകിസ്ഥാന്‍ പേസറെ നേരില്‍ കാണാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം