ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ വന്‍ മാറ്റത്തിന്, രണ്ട് താരങ്ങള്‍ ഇലവനിലെത്തും, പുറത്താവുക അയാള്‍, സാധ്യതാ ടീം
കഴിഞ്ഞ മത്സരത്തില്‍ ബൗളിംഗിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യക്കായി ഇറങ്ങില്ല

ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീം ഇന്ത്യ അഞ്ചാം ജയം തേടിയിറങ്ങുകയാണ്. ഹിമാചല്‍പ്രദേശിലെ ധരംശാല സ്റ്റേഡിയത്തില്‍ ഞായറാഴ‌്‌ച ഉച്ചയ്‌ക്ക് ഇന്ത്യന്‍ സമയം രണ്ട് മണിക്കാണ് ഇന്ത്യയുടെ മത്സരം. കരുത്തരും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുമായ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. മത്സരത്തിലെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ നോക്കാം.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബൗളിംഗിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യക്കായി ഇറങ്ങില്ല. ഇതോടെ ആദ്യ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന തലവേദന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനുമുണ്ട്. മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവും പേസര്‍ മുഹമ്മദ് ഷമിയുമാണ് പ്ലേയിംഗ് ഇലവനിലേക്ക് വരാനുള്ളത്. ഹാര്‍ദിക് പാണ്ഡ്യയെ പോലൊരു ഓള്‍റൗണ്ടര്‍ക്ക് പകരംവെക്കാന്‍ കഴിയുന്ന താരം നിലവിലെ സ്‌ക്വാഡിലില്ലാത്തതിനാല്‍ ഷമിയെയും സൂര്യയെയും ഒരേസമയം പ്ലേയിംഗ് ഇലവനിലേക്ക് ഉള്‍പ്പെടുത്തി ഷര്‍ദ്ദുല്‍ താക്കൂറിനെ പുറത്തിരുത്താനാകും ടീം തീരുമാനിക്കാനിട. താക്കൂറിനേക്കാള്‍ മികച്ച ബാറ്റിംഗും ബൗളിംഗും ഈ നീക്കത്തിലൂടെ പ്ലേയിംഗ് ഇലവനില്‍ ടീം മാനേജ്‌മെന്‍റിന് ഉറപ്പിക്കാം.
കിവീസിനെതിരെയും രോഹിത് ശര്‍മ്മ-ശുഭ്‌മാന്‍ ഗില്‍ സഖ്യം ഓപ്പണിംഗില്‍ ഇറങ്ങും എന്നുറപ്പാണ്. മൂന്നാമനായി വിരാട് കോലിയും നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി കെ എല്‍ രാഹുലും ക്രീസിലെത്തുമ്പോള്‍ ആറാം നമ്പറില്‍ ഫിനിഷറുടെ റോളാവും സ്‌കൈക്ക്. ഏഴാം നമ്പറില്‍ ടീമിന്‍റെ വിശ്വസ്‌തനായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുണ്ട്. കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിങ്ങനെയാവും ബൗളിംഗ് നിരയ്ക്ക് സാധ്യത.
ഇന്ത്യന്‍ സാധ്യതാ ഇലവന്‍
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം