Asianet News MalayalamAsianet News Malayalam

'കോലി സ്വാര്‍ഥനായി കളിച്ചിട്ടില്ല, സിംഗിള്‍ നിരസിച്ചത് ഞാന്‍'; വന്‍ വെളിപ്പെടുത്തലുമായി കെ എല്‍ രാഹുല്‍

ബംഗ്ലാദേശിനെതിരെ ഏറെ നാടകീയതകള്‍ക്കൊടുവിലാണ് വിരാട് കോലി സെഞ്ചുറി തികച്ചത്

ODI World Cup 2023 IND vs BAN KL Rahul slams people who says Virat Kohli played selfish jje
Author
First Published Oct 20, 2023, 12:13 PM IST

പൂനെ: ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ മൂന്നക്കം തികച്ച് വിരാട് കോലി 48-ാം ഏകദിന സെഞ്ചുറി നേടിയപ്പോള്‍ കിംഗിനെതിരെ കനത്ത വിമര്‍ശനമാണ് ആരാധകരില്‍ നിന്നുണ്ടായത്. ഓടാന്‍ അവസരമുണ്ടായിട്ടും സിംഗിളുകള്‍ എടുക്കാതെ കോലി സെഞ്ചുറിക്കായി സ്വാര്‍ഥതയോടെ കളിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ കോലിക്കെതിരായ ഈ വിമര്‍ശനം മത്സര ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സഹതാരം കെ എല്‍ രാഹുല്‍ തള്ളിക്കളഞ്ഞു.  

ബംഗ്ലാദേശിനെതിരെ ഏറെ നാടകീയതകള്‍ക്കൊടുവിലാണ് വിരാട് കോലി സെഞ്ചുറി തികച്ചത്. ടീമിന് ജയിക്കാന്‍ 20 റണ്‍സ് വേണ്ടപ്പോള്‍ കോലിക്ക് മൂന്നക്കം പൂര്‍ത്തിക്കാന്‍ എട്ട് റണ്‍സ് കൂടി മതിയായിരുന്നു. ഈ അവസരത്തില്‍ കൂടുതല്‍ പന്തുകള്‍ നേരിടാനുള്ള അവസരം കോലിക്ക് രാഹുല്‍ ഒരുക്കി. എന്നാല്‍ അവസരമുണ്ടായിട്ടും സിംഗിളുകള്‍ക്കായി ഓടാതിരുന്നതോടെ ആരാധകര്‍ കോലിക്ക് എതിരായി. 48-ാം ഏകദിന സെഞ്ചുറിയെന്ന വ്യക്തിഗത നേട്ടത്തിനായി കോലി സിംഗിളുകള്‍ മുടക്കി എന്നായിരുന്നു ഒരു വിഭാഗം ആരാധകരുടെ പരിഹാസം. ഇതിനോട് കെ എല്‍ രാഹുലിന്‍റെ മറുപടി ഇങ്ങനെ. 'ഞാന്‍ വിരാട് കോലിക്ക് സിംഗിള്‍ നിഷേധിച്ചു. അപ്പോള്‍ കോലി പറഞ്ഞു, നിങ്ങള്‍ സിംഗിളുകള്‍ എടുത്തില്ലെങ്കില്‍ ആളുകള്‍ കരുതും ഞാന്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കായി കളിക്കുകയാണെന്ന്. എന്നാല്‍ ഞാന്‍ കോലിയോട് പറഞ്ഞു, നമ്മള്‍ മികച്ച നിലയില്‍ വിജയിക്കും, അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സെഞ്ചുറി പൂര്‍ത്തിയാക്കുക'- രാഹുല്‍ മത്സര ശേഷം പറഞ്ഞു. 

വിരാട് കോലിയും (92*), കെ എല്‍ രാഹുലും (34*) ക്രീസില്‍ നില്‍ക്കേ 41-ാം ഓവര്‍ തുടങ്ങുമ്പോള്‍ ഇന്ത്യക്ക് എട്ട് റണ്‍സ് കൂടിയാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിലെ എല്ലാ പന്തുകളും കോലി നേരിട്ടപ്പോള്‍ ഒരു വൈഡ് അടക്കം ആറ് റണ്‍സ് പിറന്നു. എന്നാല്‍ ഇതിനിടെ കോലിയും രാഹുലും ചേര്‍ന്ന് കിട്ടുമായിരുന്ന റണ്‍സ് ഓടിയെടുത്തില്ല. ഇതോടെ ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് റണ്‍സും കോലിക്ക് സെഞ്ചുറിക്ക് മൂന്ന് റണ്‍സും വേണമെന്നായി. തൊട്ടടുത്ത ഓവറിലെ ആദ്യ രണ്ട് പന്തില്‍ റണ്‍സ് പിറക്കാതിരുന്നപ്പോള്‍ മൂന്നാം പന്തില്‍ സിക്‌സുമായി സെഞ്ചുറി പൂര്‍ത്തിയാക്കി കോലി ഇന്ത്യയെ ജയിപ്പിച്ചു. കോലി 97 പന്തില്‍ 103* ഉം, രാഹുല്‍ 34 പന്തില്‍ 34* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. സിക്‌സര്‍ പറത്തും മുമ്പ് കോലി നേരിട്ട പന്ത് അംപയര്‍ വൈഡ് വിളിച്ചില്ല എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. 

Read more: കനത്ത തിരിച്ചടി; ഹാര്‍ദിക് പാണ്ഡ്യക്ക് ന്യൂസിലന്‍ഡിന് എതിരായ മത്സരം നഷ്‌ടമാകും- റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios