ടീമിലെ സ്റ്റാര്‍ താരത്തെ അഫ്‌ഗാനെതിരെ കളിപ്പിക്കേണ്ട എന്നാണ് വീരു പറയുന്നത്, പക്ഷേ ഇതിനൊരു കാരണമുണ്ട്. 

ദില്ലി: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യ ബുധനാഴ്‌ച (ഒക്ടോബര്‍ 11) രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. ഏഷ്യയിലെ കുഞ്ഞന്‍മാരെങ്കിലും സ്‌പിന്‍ അത്ഭുതമായ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഓസ്ട്രേലിയക്ക് എതിരായ വിജയം തുടരാന്‍ ഇറങ്ങുന്ന ഇന്ത്യക്ക് മുന്നില്‍ ഒരു നിര്‍ദേശം വച്ചിരിക്കുകയാണ് ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ടീമിലെ സ്റ്റാര്‍ താരത്തെ അഫ്‌ഗാനെതിരെ കളിപ്പിക്കേണ്ട എന്നാണ് വീരു പറയുന്നത്. ഇതിനുള്ള കാരണവും മുന്‍ താരം വ്യക്തമാക്കി. 

'അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ രവിചന്ദ്രന്‍ അശ്വിന് വിശ്രമം നല്‍കണം. മുഹമ്മദ് ഷമി മികച്ച ഫോമിലാണ്. ഷമി ഓസ്ട്രേലിയക്ക് എതിരെ മുമ്പ് അഞ്ച് വിക്കറ്റ് നേടിയിട്ടുള്ള താരമാണ്. ദില്ലിയിലേത് വ്യത്യസ്തമായ പിച്ചാണ്. മൈതാനം ചെറുതാണ്. അശ്വിന് പ്രായത്തിന്‍റെ പ്രതികൂല ഘടകവുമുണ്ട്. അതിനാല്‍ അശ്വിനെ ബിഗ്‌ മാച്ചുകള്‍ക്കായി കരുതിവയ്‌ക്കേണ്ടതുണ്ട്' എന്നും വീരേന്ദര്‍ സെവാഗ് ക്രിക്‌ബസിനോട് പറഞ്ഞു. അതേസമയം കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറായും മധ്യനിര ബാറ്ററായും കളിപ്പിക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റേയും തീരുമാനത്തെ വീരു പ്രശംസിച്ചു. രാഹുലിന്‍റെ ബാറ്റിംഗ് ഇന്ത്യയുടെ മധ്യനിര കരുത്തുറ്റതാക്കി എന്ന് സെവാഗ് കൂട്ടിച്ചേര്‍ത്തു. 

ബുധനാഴ്‌ച ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ- അഫ്‌ഗാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. സ്ഥിരം ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് അഫ്ഗാനിസ്ഥാനെ ടീം ഇന്ത്യ നേരിടുക. ഗില്ലിന്റെ അഭാവത്തില്‍ കിഷന്‍, രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി തുടരും. രവിചന്ദ്രന്‍ അശ്വിന് വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്‍ററ് തീരുമാനിച്ചാല്‍ പേസര്‍മാരായ മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരില്‍ ഒരാള്‍ക്ക് പ്ലേയിംഗ് ഇലവനിലേക്ക് നറുക്ക് വീഴും. ഷമി വിക്കറ്റ് ടേക്കിംഗ് ബൗളറും താക്കൂര്‍ ബാറ്റിംഗ് വശമുള്ള മീഡിയം പേസറുമാണ്. 

Read more: അശ്വിന്‍ പുറത്തേക്ക്? ഷാര്‍ദുല്‍ താക്കൂറോ ഷമിയോ ടീമിലെത്തിയേക്കും; അഫ്ഗാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം