ഒന്റാരിയോ: കാനഡ ഗ്ലോബല്‍ ടി20യില്‍ വീണ്ടും യുവരാജ് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനം. വിന്നിപെഗ് ഹോക്‌സിനെതിരായ മത്സരത്തില്‍ ടൊറന്റൊ നാഷണല്‍സിനായി കളിക്കുന്ന യുവരാജ് 26 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായി. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു യുവരാജിന്റെ ഇന്നിങ്‌സ്. യുവരാജിന്റെയും റോഡ്രിഗോ തോമസി (46 പന്തില്‍ 65)ന്‍റെയും ഇന്നിങ്സിന്‍റെ കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടൊറന്റോ 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തിട്ടുണ്ട്.

ചിരാഗ് സുരി (5), ഹെന്റിച്ച് ക്ലാസന്‍ (15), മന്‍പ്രീത് ഗോണി എന്നിവരുടെ വിക്കറ്റുകളാണ് ടൊറന്റോയ്ക്ക് നഷ്ടമായത്. കീറോണ്‍ പൊള്ളാര്‍ഡ് (10), ക്രിസ് ഗ്രീന്‍ (2) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ വിന്നിപെഗ് ഹോക്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ എഡ്‌മൊന്റോണ്‍ റോയല്‍സിനെതിരെയും മുന്‍ ഇന്ത്യന്‍ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അന്ന് 35 റണ്‍സാണ് യുവരാജ് നേടിയത്.